ഓഹരി വിപണിയിൽ വൻ തുക ഇടപാട് നടത്തിയിരുന്ന സൂരജ്കുമാർ ദുബൈക്ക് 22 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സൂരജ് കുമാറിന് പണം നൽകിയ സഹപ്രവർത്തകനെ ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.
മുംബൈ: ചെന്നൈയിൽ നിന്ന് നാവികനെ തട്ടിക്കൊണ്ട് പോയി ചുട്ടുകൊന്ന സംഭവത്തിൽ ദുരൂഹത ഏറുന്നു. നാവികനായ സൂരജ് കുമാർ ദുബെ
നൽകിയ മരണ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയതല്ലെന്നാണ് സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. തട്ടിക്കൊണ്ട് പോയെന്ന് പറയുന്ന സമയത്തിലും വൈരുധ്യമുണ്ട്.
കോയമ്പത്തൂരിലെ ജോലി സ്ഥലത്തേക്ക് പോവും വഴി ജനുവരി 30 ന് രാത്രി 9.30ഓടെ ചെന്നൈ വിമാനത്താവളത്തിനടുത്ത് വച്ച് തന്നെ തട്ടിക്കൊണ്ട് പോയെന്നാണ് സൂരജ് കുമാർ ദുബെ അവസാനമായി പറഞ്ഞത്. തോക്ക് ചൂണ്ടി മൂന്ന് പേർ ചേർന്ന് ബലമായി കാറിൽ കയറ്റി കൊണ്ടു പോയെന്നാണ് മൊഴി. എന്നാൽ ജനുവരി 30ന് വൈകീട്ട് ചെന്നൈ വിമാനത്താവളത്തിലെത്തിയ നാവികൻ 31 ന് പുലർച്ചെ വരെ നഗരത്തിലുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ.
വിമാനത്താവളത്തിൽ നിന്നും സൂരജ് കുമാർ ആദ്യം മീനം ബാക്കം മെട്രോ സ്റ്റേഷനിലും പിന്നീട് 2 കിലോമീറ്റർ അപ്പുറം തിരുശൂലം സബർബൻ സ്റ്റേഷനിലുമെത്തി. അവിടെയുണ്ടായിരുന്ന എസ്‍യുവി കാറിൽ നാവികൻ കയറിയെങ്കിലും ബലപ്രയോഗത്തിൻ്റെ സൂചനകൾ കാണുന്നില്ല. 10 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടന്ന് നാവികൻ പറഞ്ഞെങ്കിലും ബന്ധുക്കളെ ഈ ആവശ്യവുമായി ആരും സമീപിച്ചിരുന്നില്ല.
മൂന്നു ദിനം ചെന്നൈയിൽ തുടർന്ന സംഘം കൊലപാതകത്തിനായി എന്തിന് മഹാരാഷ്ട്രയിലെ പാൽഖർ വരെ യാത്ര ചെയ്തു എന്നതും സംശയകരമാണ്. അതേസമയം ജാർഖണ്ഡിലെ വീട്ടിൽനിന്നും പുറപ്പെട്ടത് പിന്നാലെ പിതാവിൻ്റെ ഫോണിലേക്ക് സൂരജ് കുമാറിനെ അന്വേഷിച്ചു ഒരു ഫോൺകോൾ എത്തിയിരുന്നതായി സഹോദരൻ പറഞ്ഞു. ധർമ്മേന്ദ്ര എന്നു പരിചയപ്പെടുത്തിയ ഇയാൾ ആരാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഓഹരി വിപണിയിൽ വൻ തുക ഇടപാട് നടത്തിയിരുന്ന സൂരജ്കുമാർ ദുബൈക്ക് 22 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സൂരജ് കുമാറിന് പണം നൽകിയ സഹപ്രവർത്തകനെ ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തു.
