കർണാടകയിലെ മൈസൂരുവിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി

മൈസൂരു: കർണാടകയിലെ മൈസൂരുവിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. മൈസൂരു ജില്ലയിലെ ഹുൻസൂർ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് മറ്റ് ബിസിനസുകാരനായ ഹരീഷ് (42), ഭാര്യ നിശ്ചിത (34), മക്കളായ നിക്ഷ (12), രക്ഷ (8) എന്നിവരാണ് മരിച്ചത്. ഭാര്യയുടെയും രണ്ട് മക്കളുടെയും വായയും മൂക്കും സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം ഹരീഷ് വീടിന്‍റെ ഒന്നാം നിലയിലെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. ഇതിൽ വീടിന്‍റെ മുകളിലത്തെ മുറിയിൽ തന്‍റെ മൃതദേഹം തൂങ്ങിയ നിലയിൽ കാണാമെന്ന് രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വത്ത് വിവരങ്ങളുടെ രേഖകളെക്കുറിച്ചും താക്കോൽ ഇരിക്കുന്ന സ്ഥലത്തെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്. ഈ രേഖകൾ കുറിപ്പിൽ പേരുപറഞ്ഞിട്ടുള്ള വ്യക്തിക്ക് കൈമാറാൻ പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് ഒപ്പം താമസിച്ചിരുന്ന സ്വന്തം അമ്മയെ ഹരീഷ് ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു.

കടുത്ത സാമ്പത്തിക ബാധ്യതകളാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രയാസങ്ങൾക്ക് പുറമെ മറ്റ് കുടുംബപ്രശ്നങ്ങൾ ഉണ്ടോയെന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

YouTube video player