ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിന് ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ്. അമരാവതിയില്‍ കൃഷ്ണാ നദീ തീരത്തുള്ള വസതിയില്‍ നിന്നും ഒഴിയാനാണ് നിര്‍ദ്ദേശം. 

ഡാമുകള്‍ തുറന്നതിനാല്‍ കൃഷ്ണ നദിയിലെ വെള്ളം ഉയരും. പ്രളയത്തിന് സാധ്യതയുണ്ട്. നദീ തീരത്തുള്ള നായുഡുവിന്‍റെ വസതിയിലേക്ക് വെള്ളം കയറാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്ന് ഉന്‍ഡവല്ലി തഹ്സില്‍ദാര്‍ വി ശ്രീനിവാസുലു റെഡ്ഡി വ്യക്തമാക്കി.  

എന്നാല്‍ നായ്‍ഡു ഒരാഴ്ചയായി ഹൈദരാബാദിലാണ് താമസിക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചന്ദ്രബാബു നായിഡുവിന്റെ ഔദ്യോഗിക വസതി അനധികൃത നിർമാണമെന്നും കൃഷ്ണാ നദീ തീരത്തെ എല്ലാ അനധികൃത കെട്ടിടങ്ങളും പൊളിക്കുമെന്നും മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.