ലഖ്‌നൗ-മുംബൈ ഗോ എയര്‍ വിമാനത്തിനുള്ളില്‍ യാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച 7.25ന് വിമാനം നാഗ്പുരിൽ അടിയന്തിരമായി ഇറക്കി  കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

നാഗ്പുര്‍: ലഖ്‌നൗ-മുംബൈ ഗോ എയര്‍ വിമാനത്തിനുള്ളില്‍ യാത്രക്കിടെ ഏഴുവയസുകാരി ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച 7.25ന് വിമാനം നാഗ്പുരിൽ അടിയന്തിരമായി ഇറക്കി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്തര്‍പ്രദേശ് സെഹേരി ഘട്ട് സ്വദേശിയായ ആയുഷി പുന്‍വാസി പ്രജാപതി എന്ന കുട്ടിയാണ് മരിച്ചത്. 

സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ കുട്ടിയാണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പിതാവിനൊപ്പമാണ് പെണ്‍കുട്ടി യാത്ര ചെയ്തിരുന്നത്. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെങ്കിലും വിമാനം ഉയരത്തിലെത്തിയതിനെ തുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

കുട്ടിക്ക് അനീമിയ ഉണ്ടെന്നും, എന്നാല്‍ യാത്രക്ക് മുമ്പ് പിതാവ് ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്നും അധികൃതര്‍ പറഞ്ഞു. അനീമിയ രോഗിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വിമാനയാത്ര അനുവദിക്കില്ലായിരുന്നു. 10 ഗ്രാമിന് താഴെ ഹീമോഗ്ലോബിൻ അളവുള്ള രോഗികളെ വിമാന യാത്രയ്ക്ക് അനുവദിക്കാറില്ല. എന്നാൽ കുട്ടിയുടെ രക്തത്തില്‍ 2.5 ഗ്രാം മാത്രമായിരുന്നു ഹീമോഗ്ലോബിന്റെ അളവ്. ഇവര്‍ ചികിത്സാവശ്യത്തിന് മുംബൈയിലേക്ക് പോകുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. 

വിമാനം ഉയരത്തിലെത്തിയപ്പോള്‍ കുട്ടി ശ്വസിക്കാനായി ബുദ്ധിമുട്ടി. വിമാനം ഇറക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടി രോഗിയാണെന്ന് പിതാവ് പറഞ്ഞില്ല. ക്രൂ അംഗങ്ങള്‍ ഇവരുടെ ബാഗ് തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മെഡിക്കല്‍ വിവരങ്ങള്‍ ലഭ്യമായത്. കുട്ടിയുടെ കൊവിഡ് 19 പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമായ ആംബുലന്‍സിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ജീവൻ രക്ഷിക്കാനായില്ല.