Asianet News MalayalamAsianet News Malayalam

രാജീവ് ​ഗാന്ധി വധക്കേസ്: പരോൾ കാലാവധി കഴിഞ്ഞു; നളിനി വെല്ലൂർ ജയിലിലേക്ക്

ജൂലൈ 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. 

nalini back in prison going to vellore jail
Author
Vellore, First Published Sep 16, 2019, 11:24 AM IST

വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരനെ വെല്ലൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. അമ്പത്തൊന്ന് ദിവസത്തെ പരോൾ കാലാവധി അവസാനിച്ചതോടെയാണ് നളിനിയെ ജയിലിൽ പ്രവേശിപ്പിച്ചത്.

ജൂലൈ 25നാണ് മകൾ അരിത്രയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോൾ അനുവദിച്ചത്. തുടർന്ന് ഓ​ഗസ്റ്റിൽ പരോള്‍ കാലാവധി കഴിഞ്ഞുവെങ്കിലും മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി നൽകുകയായിരുന്നു.

ഇതിനിടെ വധക്കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നേരത്തെ ഗവർണർക്ക് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയുടെ തൽസ്ഥിതി തേടാൻ സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ നളിനി ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ശുപാർശയിൽ തീരുമാനം കൈകൊള്ളാൻ ഗവർണറോട് നിർദ്ദേശിക്കാനാകില്ലെന്നും തൽസ്ഥിതി തേടാനാകില്ലെന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. 

മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വർഷത്തിനിടെ 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്. 

നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. 41 പ്രതികളുണ്ടായിരുന്ന കേസിൽ 26 പേർക്കും ടാഡ കോടതി 1998ൽ വധശിക്ഷ വിധിച്ചു. 1999ൽ മുരുഗൻ, ശാന്തൻ, പേരറിവാളൻ  എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബർട്ട് പയസ്, ജയകുമാർ, നളിനി, രവിചന്ദ്രൻ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios