അന്താരാഷ്ട്ര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എൻജിനീയറിങ്, ടെക്നോളജി മേഖലകളിലെ ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിനുമാണ് സംഭാവന നൽകിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മുംബൈ: ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന ചെയ്ത് ഇൻഫോസിസിന്റെ സഹസ്ഥാപകൻ നന്ദൻ നിലേകനി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെയിലെ പൂർവ വിദ്യാർഥിയാണ് അദ്ദേ​ഹം. ബോംബെ ഐഐടിയിൽ പഠിച്ചതിന്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് വലിയ തുക അദ്ദേഹം സംഭാവന ചെയ്തത്. 1973-ൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദത്തിനായി നിലേകനി ബോംബെ ഐഐടിയിലെത്തിയത്.

അന്താരാഷ്ട്ര നിലവാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എൻജിനീയറിങ്, ടെക്നോളജി മേഖലകളിലെ ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും ടെക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം പരിപോഷിപ്പിക്കുന്നതിനുമാണ് സംഭാവന നൽകിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ ഒരു പൂർവ വിദ്യാർത്ഥി നൽകുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്നും പ്രസ്താവനയിൽ പറയുന്നു. ഐഐടി-ബോംബെ എന്റെ ജീവിതത്തിലെ ആണിക്കല്ലാണ്. എന്റെ എല്ലാ യാത്രകളുടെയും അടിത്തറ പാകിയത് ഇവിടെയാണ്. ഈ സ്ഥാപനവുമായുള്ള എന്റെ ബന്ധത്തിന്റെ 50 വർഷം ആഘോഷിക്കുമ്പോൾ, അതിന്റെ ഭാവിയിലേക്ക് മുന്നോട്ട് പോകുന്നതിനും സംഭാവന നൽകിയതിൽ ഞാൻ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Scroll to load tweet…

സംഭാവന കൈമാറുന്ന ധാരണാപത്രത്തിൽ നിലേകനിയും ഐഐടി ബോംബെ ഡയറക്ടർ പ്രൊഫസർ സുഭാസിസ് ചൗധരിയും ബെംഗളൂരുവിൽ ഒപ്പുവച്ചു. നിലേകനിയുടെ വലിയ സംഭാവന ഐഐടി ബോംബെയെ ആഗോള നേതൃത്വത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് ചൗധരി പറഞ്ഞു. ഞങ്ങളുടെ പ്രശസ്ത പൂർവ വിദ്യാർത്ഥി നന്ദൻ നിലേകനി സംഭാവനകളും സഹായവും തുടരുന്നത് കാണുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ ചരിത്രപരമായ സംഭാവന ഐഐടി ബോംബെയുടെ വളർച്ചയുടെ പാതയിലേക്ക് നയിക്കുമെന്നും ചൗധരി പറഞ്ഞു. നിലേകനി ഇൻസ്റ്റിറ്റ്യൂട്ടിന് മുമ്പ് 85 കോടി രൂപ ഗ്രാന്റായി നൽകിയിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം സംഭാവന 400 കോടി രൂപയായി ഉയർന്നു. 

Read More... 'അരിക്കൊമ്പൻ ആരോഗ്യവാൻ'; പുതിയ ചിത്രവുമായി തമിഴ്നാട് വനംവകുപ്പ്, ഇപ്പോഴുള്ളത് കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത്