ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ അഖിലേഷ് യാദവിന്റെ പദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചതായി ആരോപണം.
ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ അഖിലേഷ് യാദവിന്റെ പദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ പതിനാലുകാരൻ മരിച്ചതായി ആരോപണം. അഖിലേഷിന്റെ വാഹനവ്യൂഹം കടന്നുപോയതിന് പിന്നാലെ റാലിയിൽ പൂക്കൾ വിതറാൻ ഉപയോഗിച്ച ബുൾഡോസർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ആരോപണം. പ്രാദേശിക ബിജെപി നേതാവിന്റെ മകൻ ആര്യവർധൻ സിങ്ങിനാണ് ജീവൻ നഷ്ടമായത്. സഹോദരിയെ കൂട്ടാൻ സ്കൂളിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. സംഭവത്തിന് പിന്നാലെ കുടുംബവും ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടിയുടെ വീട് സന്ദർശിച്ചു. എന്നാൽ മരണത്തിൽ രാഷ്ട്രീയം കലർത്തുകയാണെന്ന് ആരോപിച്ച് അഖിലേഷ് യാദവ് തിരിച്ചടിച്ചു. തന്റെ ഒരു റാലിയും കൃത്യസമയത്ത് നടന്നിട്ടില്ലെന്നും അപകടത്തിന് റാലിയുമായി ബന്ധമില്ലെന്നും അഖിലേഷ് അവകാശപ്പെട്ടു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും പങ്കുവെച്ചു. സംഭവത്തിൽ ബിജെപിയും സമാജ്വാദി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾ തുടരുകയാണ്.















