ദില്ലി: ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ 6 കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലാണ് 60 മില്യണ്‍ പേര്‍ പിന്തുടരുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന ലോകനേതാക്കളിലൊരാള്‍ കൂടിയാണ് പ്രധാനമന്ത്രി. 

A screenshot of Prime Minister Narendra Modi’s Twitter account on Sunday.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ അക്കൌണ്ട് തുടങ്ങിയത്. 2009ലായിരുന്നു ഇത്. 2010 ഒരുലക്ഷം ആളുകളായിരുന്നു അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നത്. 2011ല്‍ ഇത് നാലുലക്ഷമായി ഉയര്‍ന്നു. രാഷ്ട്രീയപരമായ നിലപാടുകള്‍ വ്യക്തമാക്കി അക്കൌണ്ടില്‍ സജീവമായി കൈകാര്യം ചെയ്യുന്ന വ്യക്തി കൂടിയാണ് പ്രധാനമന്ത്രി. 

ട്വിറ്ററില്‍ 6 കോടി ഫോളോവേഴ്സുമായി പ്രധാനമന്ത്രി 

സ്വച്ഛ് ഭാരത്, സ്ത്രീ സുരക്ഷ, ഗ്യാസ് സബ്സിഡി ഉപേക്ഷിക്കല്‍ തുടങ്ങിയ നിരവധി പദ്ധതികളെക്കുറിച്ച് ട്വിറ്റര്‍ അക്കൌണ്ടിലൂടെ പ്രധാനമന്ത്രി നിരന്തരമായി സംവദിച്ചിരുന്നു. കൊവിഡ് 19 നിയന്ത്രണങ്ങള്‍ക്കായി സ്വീകരിച്ച ചുവടുകളെക്കുറിച്ചും പ്രധാനമന്ത്രി സജീവമായി ട്വിറ്റര്‍ അക്കൌണ്ടിലൂടെ സംവദിച്ചിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റായ ബരാക് ഒബാമയെ 120 മില്യണ്‍ ആളുകളാണ് ട്വിറ്ററില്‍ പിന്തുടരുന്നത്. ഡൊണാള്‍ഡ് ട്രംപിനെ  84 മില്യണ്‍ ആളുകളാണ് പിന്തുടരുന്നത്.