ദില്ലി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെട്ട ഒരു ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഗ്രൂപ്പ്‌ ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ ഇന്ദിരാഗാന്ധി മുന്‍ പന്തിയിലും മോദി പിന്‍നിരയിലുമാണുള്ളത്‌. ഒരു ഗുജറാത്തി വാട്‌സ്‌ആപ്‌ ഗ്രൂപ്പിലാണ്‌ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്‌. സാഹേബ്‌ കോണ്‍ഗ്രസുകാരനായി, ഭക്തന്മാര്‍ക്ക്‌ ഇനി എന്താണ്‌ പറയാനുള്ളത്‌ എന്ന ക്യാപ്‌ഷനോടെയാണ്‌ ചിത്രം പ്രചരിച്ചത്‌.

വിശദമായ അന്വേഷണത്തില്‍ ഈ ചിത്രവും ഫോട്ടോഷോപ്‌ ചെയ്‌തതാണെന്ന്‌ തെളിഞ്ഞതായുള്ള റിപ്പോര്‍ട്ട്‌ പുറത്തുവിട്ടിരിക്കുകയാണ്‌ ആള്‍ട്ട്‌ ന്യൂസ്‌. യഥാര്‍ത്ഥ ചിത്രത്തില്‍ നരേന്ദ്രമോദി ഇല്ല. ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ദി ക്വിന്റ്‌ ആണ്‌. കന്നഡ സൂപ്പര്‍സ്റ്റാര്‍ ഡോ.രാജ്‌കുമാറിന്‌ ആദരമര്‍പ്പിച്ച്‌ പുറത്തുവിട്ട ലേഖനത്തിലാണ്‌ അദ്ദേഹവും ഇന്ദിരാഗാന്ധിയും ഒപ്പം നില്‍ക്കുന്ന ചിത്രമുള്ളത്‌. ഇതിനെ ഫോട്ടോഷോപ്പ്‌ ചെയ്‌ത്‌ നരേന്ദ്രമോദിയുടെ ചിത്രം കൂട്ടിച്ചേര്‍ത്തിരിക്കുകയാണെന്ന്‌ തെളിവ്‌ സഹിതം ആള്‍ട്ട്‌ ന്യൂസ്‌ പ്രസ്‌താവിക്കുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.