ദില്ലി: ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും താര പ്രചാരകര്‍ ഇന്ന് ഹരിയാനയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചതിരിഞ്ഞ് രണ്ടിന് ഫരീദാബാദിലെ ബല്ലഭ്ഘട്ടിലും രാഹുല്‍ ഗാന്ധി ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നൂഹ് ജില്ലയിലെ മറോരയിലും റാലികളില്‍ പങ്കെടുക്കും. ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഇന്ന് ഹരിയാനയില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. തൊഹാനയിലും എല്‍നാബാദിലും നൂര്‍നണ്ടിലും അമിത് ഷാ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. 

ഇന്നലെ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലികളില്‍ നടത്തിയ വാക് പോരിന്‍റെ തുടര്‍ച്ചയുമായാകും നേതാക്കള്‍ ഹരിയാനയിലെത്തുന്നത്. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ചൂടുപിടിപ്പിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്പോര്. ആർട്ടിക്കിൾ 370ഉം മുത്തലാഖും ഉയര്‍ത്തികാട്ടിയുള്ള മോദിയുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ രാജ്യത്തെ തൊഴിലില്ലായ്മ ചൂണ്ടികാട്ടിയാണ് തിരിച്ചടിച്ചത്.

സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മോദിയുടെ ശ്രമമെന്ന് രാഹുൽ ലാത്തൂരിൽ നടത്തിയ റാലിയിൽ പറഞ്ഞു. തൊഴിലില്ലായ്മയെക്കുറിച്ച് യുവാക്കൾ ചോദിക്കുമ്പോൾ ചന്ദ്രനിലേക്ക് നോക്കി നിൽക്കാനാണ് പ്രധാനമന്ത്രി പറയുന്നത്. 15 ധനികരുടെ അഞ്ചര ലക്ഷം കോടി കടം എഴുതി തള്ളിയതിന് മോദി ജനങ്ങളോട് മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ആർട്ടിക്കിൾ 370ഉം മുത്തലാഖും വാഗ്ദാനങ്ങളായി പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ തയാറാകുമോ എന്നായിരുന്നു മോദി കോൺഗ്രസിനെയും എൻസിപിയെയും വെല്ലുവിളിച്ചത്. കശ്മീരിന്റെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്കെതിരായി കോൺഗ്രസ് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.