രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള  25 ലക്ഷം സെക്യൂരിറ്റി ജീവനക്കാരുമായി ഓഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കവേയാണ് മോദി ക്ഷമാപണം നടത്തിയത്. 

ദില്ലി: കാവൽക്കാരെ അധിക്ഷേപിച്ച് കൊണ്ടുള്ള പ്രചാരണങ്ങളിൽ രാജ്യത്തെ എല്ലാ കാവൽക്കാരോടും ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള 25 ലക്ഷം സെക്യൂരിറ്റി ജീവനക്കാരുമായി ഓഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കവേയാണ് മോദി ക്ഷമാപണം നടത്തിയത്.

കാവൽക്കാ‍ർ കള്ളൻമാരെന്ന് വിശേഷിപ്പിക്കപ്പെട്ടത് നിർഭാഗ്യകരമാണ്. രാജ്യത്ത് വിവിധ മേഖലകളിലായി ജോലിയെടുക്കുന്ന കാവൽക്കാരുടെ ആത്മസമർപ്പണത്തെ അവഹേളിക്കുന്നതാണ് 'കാവൽക്കാരൻ കള്ളനാണ്' എന്ന പ്രചാരണം. ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കായി രാജ്യത്തിന്‍റെ കാവൽക്കാർ അധിക്ഷേപിക്കപ്പെട്ടതിന് താൻ മാപ്പ് പറയുന്നുവെന്നും പ്രധാനമന്ത്രി ഓഡിയോ കോൺഫറൻസിംഗിലൂടെ പറഞ്ഞു.

ചൗകീദാർ ചോർ ഹെ( കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രവാക്യവുമായാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ 'ചൗകീദാർ ചോർ ഹേ' മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി 'ഹം ഭീ ചൗകീദാർ' ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി പ്രധാനമന്ത്രി തന്‍റെ ട്വിറ്റർ അക്കൗണ്ടിന്‍റെ പേര് 'ചൗകീദാർ നരേന്ദ്രമോദി' എന്ന് മാറ്റിയിരുന്നു. പ്രധാനമന്ത്രിക്ക് പുറമെ ബിജെപി അധ്യക്ഷൻ അമിത് ഷായും, പിയൂഷ് ഗോയലടക്കമുള്ള കേന്ദ്രമന്ത്രിമാരും പേര് മാറ്റിയിരുന്നു.