Asianet News MalayalamAsianet News Malayalam

അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ: ബം​ഗ്ലാദേശിന് ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് മോദി

ബം​ഗ്ലാദേശിൽ നിന്ന് എൽപിജി ഇറക്കുമതി  ചെയ്യുന്നതുൾപ്പടെ മൂന്ന് പദ്ധതികൾക്ക് ഇരുനേതാക്കളും സംയുക്തമായി തുടക്കം കുറിച്ചിട്ടുണ്ട്. 

Narendra Modi assured Sheikh Hasina there is nothing to be worried about NRC
Author
New Delhi, First Published Oct 5, 2019, 7:00 PM IST

ദില്ലി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ ബം​ഗ്ലാദേശിന് ആശങ്കയുടെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം ആവർത്തിച്ചത്. കോടതി മേൽനോട്ടത്തിലാണ് രജിസ്റ്റർ തയ്യാറാക്കുന്നതെന്നും മോദി പറഞ്ഞു.

ജമ്മുകശ്മീരിലെ നടപടികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി. ജമ്മുകശ്മീർ, ഇന്ത്യയുടെ ആഭ്യന്തരവിഷയമെന്ന നിലപാടിന് ബം​ഗ്ലാദേശ് പിന്തുണ അറിയിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കു ശേഷം ഏഴു ധാരണാപത്രങ്ങളിൽ ഇന്ത്യയും ബം​ഗ്ലാദേശും ഒപ്പുവച്ചു. ബം​ഗ്ലാദേശിൽ നിന്ന് എൽപിജി ഇറക്കുമതി  ചെയ്യുന്നതുൾപ്പടെ മൂന്ന് പദ്ധതികൾക്ക് ഇരുനേതാക്കളും സംയുക്തമായി തുടക്കം കുറിച്ചിട്ടുണ്ട്. ധാക്കയിലെ രാമകൃഷ്ണ മിഷനിൽ ഇന്ത്യ നിർമ്മിക്കുന്ന വിവേകാനന്ദ ഭവന് മോദി തറക്കല്ലിടുകയും ചെയ്തു.

Read more:ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അയല്‍സൗഹൃദത്തിന്‍റെ ലോകമാതൃകയെന്ന് മോദി; ബംഗ്ലാദേശില്‍ നിന്ന് എൽപിജി ഇറക്കുമതി ചെയ്യും

പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ബം​ഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജി ഇറക്കുമതിക്കുള്ള പദ്ധതി വളരെയധികം പ്രയോജനം ചെയ്യുന്നതാണ്. പരിസ്ഥിതി സൗഹൃദവും ഏതു കാലാവസ്ഥയിലും അനുയോജ്യമായതും വര്‍ഷം മുഴുവന്‍ ആശ്രയിക്കാന്‍ കഴിയുന്നതുമായ പൈപ്പ്ലൈന്‍ പദ്ധതിയാണിതെന്നും മോദി അഭിപ്രായപ്പെട്ടു.

അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററിൽ ആശങ്കയില്ലെന്ന് ഷെയ്ഖ് ഹസീന ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎൻ ജനറൽ അസംബ്ലിയിൽ വച്ച് എൻആർസിയിൽ ബം​ഗ്ലാദേശ് ആശങ്കപ്പെടേണ്ടെന്ന് നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നതായും ഹസീന പറഞ്ഞു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ദില്ലിയില്‍ വേള്‍ഡ് എക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന ഇന്ത്യ എക്കണോമിക് ഫോറം പരിപാടിയിൽ അവര്‍ പങ്കെടുത്തു. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ഹസീന. ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഹസീന നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്.  

Read More:അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ ആശങ്കയില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

അസമിലെ ദേശീയ പൗരത്വ രജിസ്റ്റർ
 
അസമിൽ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ റജിസ്റ്റർ. ഓഗസ്റ്റ് 31നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക ഓണ്‍ലൈന്‍ വഴി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നത്. മൂന്ന് കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുകയും 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് പൗരത്വ രജിസ്റ്ററിന്‍റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചതിന് ശേഷമാണ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കിയത്. എൻആർസി പട്ടികയനുസരിച്ച് പേരില്ലാത്തവർക്ക് അപ്പീൽ നൽകാനുള്ള അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രാലയം അറിയിച്ചിരുന്നു.

Read More: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം ജനങ്ങള്‍ പുറത്ത്, അസമില്‍ കനത്ത സുരക്ഷ

2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം അരങ്ങേറിയത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു. 

ഇതിനിടെ അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂകയുള്ളുവെന്നും രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച 'ഹിന്ദുസ്ഥാൻ പൂർവോദയ 2019' എന്ന സ്വകാര്യ പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. 
 

Read More: അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

 

Follow Us:
Download App:
  • android
  • ios