ദില്ലി: വീഡിയോ കോൺഫറൻസിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജന്‍ ഔഷധി ഉപഭോക്താക്കളുമായി വീഡിയോയിലൂടെ ആശയവിനിമയം നടത്തുന്നതിനിടെയാണ് വികാരനിര്‍ഭരമായ രംഗങ്ങള്‍ അരങ്ങേറിയത്. ജന്‍ ഔഷധി പദ്ധതിയിലൂടെ തന്‍റെ ജീവിതം തിരിച്ചു കിട്ടിയെന്നും അതിന് കാരണമായത് പ്രധാനമന്ത്രിയാണെന്നും യുവതി പറഞ്ഞു.

ഡെറാഡൂൺ സ്വദേശിനിയായ ദീപാ ഷായാണ് ചികിത്സയിലൂടെ താന്‍ തിരികെ ജീവിതത്തിലേയ്‌ക്കെത്തിയ കാര്യം വീഡിയോ കോണ്‍ഫറന്‍സിനിടയില്‍ പങ്കുവെച്ചത്. ശരീരം തളര്‍ന്നു കിടപ്പിലായ തനിക്ക് തുടർ ചികിത്സയ്ക്ക് അവസരമൊരുക്കിയത് ജന്‍ ഔഷധി പദ്ധതിയാണെന്നും ദീപാ ഷാ പറഞ്ഞു.

' പ്രധാനമന്ത്രിയോട് വളരെയധികം നന്ദിയുണ്ടെന്നും ദീപ ഷാ പറഞ്ഞു. മറുപടി പറയാൻ സാധിക്കാതെ  കുറച്ച് നേരം പ്രസംഗം നിര്‍ത്തിയ മോദി നിശബ്ദനായി നിൽക്കുന്നത് വീ‍ഡിയോയിൽ കാണാം. ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളും ജന്‍ ഔഷധി കേന്ദ്ര ഉടമകളുമാണ് വീഡിയോ കോണ്‍ഫറന്‍സിൽ പങ്കെടുത്തത്.