പ്രധാനമന്ത്രി പദത്തിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി നരേന്ദ്ര മോദി

ദില്ലി: പ്രധാനമന്ത്രി പദത്തിൽ നിന്ന് വിരമിക്കുമോയെന്ന ചോദ്യങ്ങൾ അപ്രസക്തമാക്കി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന സന്ദേശം നരേന്ദ്ര മോദി നൽകിയത്. പ്രധാനമന്ത്രി പദത്തിൽ ഇത് തൻറെ മൂന്നാമത്തെ ഊഴമേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ അദ്ദേഹം ഏറെക്കാലം രാജ്യത്തിൻറെ വികസനത്തിനായി താനുണ്ടാകുമെന്നും പറഞ്ഞു. 

ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി പരിഹസിച്ചു. വിദേശ കാര്യത്തെക്കുറിച്ച് പറഞ്ഞാലേ പക്വതയുണ്ടെന്ന് തെളിയിക്കാനാകൂവെന്ന് ചിലർ കരുതുന്നുവെന്നും വിദേശ കാര്യത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഇവർ വായിക്കണമെന്നും മോദി പറഞ്ഞു. താൻ പറയുന്നത് ശശി തരൂരിനോടല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രപതിയെ അപമാനിക്കുന്നത് നിരാശ കാരണമാണെന്നും കുറ്റപ്പെടുത്തി. ഏതെങ്കിലും ദളിത് കുടുംബത്തിൽ നിന്ന് മൂന്നു പേർ ഒന്നിച്ച് പാർലമെൻറിൽ ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചാണ് ജാതിസെൻസസ് ഉയർത്തിയുള്ള രാഹുൽ ഗാന്ധിയുടെ നീക്കം മോദി നേരിട്ടത്. 

അരവിന്ദ് കെജ്രിവാളിനെ പല തവണ കുത്തിയാണ് ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് നരേന്ദ്ര മോദി മറുപടി നല്കിയത്. സാമൂഹ്യമാധ്യമങ്ങളിൽ ചിലരുടെ വീട്ടിലെ ആഡംബര ഷവറുകളുടെ ചിത്രങ്ങളാണ് വരുന്നതെന്ന് മോദി പറഞ്ഞു. കെജ്രിവാൾ 33 കോടിയുടെ വീട് നിർമ്മിച്ചെന്ന ആരോപണം സൂചിപ്പിച്ച മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉയർന്ന ശീഷ് മഹൽ അഥവാ ചില്ലുകൊട്ടാരം എന്ന വാക്കും പരാമർശിച്ചു.

YouTube video player