ദില്ലി: കൊവിഡ് പോരാട്ടത്തില്‍ 150 രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യസഹായവും മറ്റു സഹായങ്ങളും നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക സമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇന്ത്യ വേഗതയോടും ഐക്യദാർഢ്യത്തോടും കൂടി പ്രതികരിച്ചു. കോവിഡിനെതിരായ ഞങ്ങളുടെ സംയുക്ത പോരാട്ടത്തിൽ, 150 ലധികം രാജ്യങ്ങളിലേക്ക് വൈദ്യസഹായവും മറ്റും നൽകിയിട്ടുണ്ട്"- മോദി പറഞ്ഞു.

സര്‍ക്കാരുകളുടേയും പൗരസമൂഹത്തിന്റേയും ശ്രമങ്ങള്‍ സംയോജിപ്പിച്ച് എല്ലാ രാജ്യങ്ങളുടേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരീക്ഷിച്ചു. കൊവിഡില്‍ നിന്ന് മുക്തരാകുന്നവരുടെ നിരക്കില്‍ ലോകത്ത് തന്നെ ഇന്ത്യ ഏറെ മുന്നില്‍ നില്‍ക്കുന്നുവെന്നും മോദി പറഞ്ഞു.