സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് ചേർക്കണമെന്നായിരുന്നു ആഗ്രഹമെന്നും കോണ്‍ഗ്രസും നെഹ്രുവും എതിരുനിന്നത് രാജ്യത്ത് തീവ്രവാദം വളർത്താന്‍ ഇടയാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭാരതീയ ഐക്യ ദിനാഘോഷത്തിനിടെയായിരുന്നു പ്രതികരണം. 

ദില്ലി: ഇന്ത്യ വിഭജനം മുതല്‍ എസ്ഐആര്‍ വരെയുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന് കാശ്മീരിനെ ഇന്ത്യയോട് ചേർക്കണമെന്നായിരുന്നു ആഗ്രഹമെന്നും കോണ്‍ഗ്രസും നെഹ്റുവും എതിരുനിന്നത് രാജ്യത്ത് തീവ്രവാദം വളർത്താന്‍ ഇടയാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭാരതീയ ഐക്യ ദിനാഘോഷത്തിനിടെയായിരുന്നു പ്രതികരണം. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായ സര്‍ദ്ദാർ വല്ലഭായി പട്ടേലിന്‍റെ 150 ജന്‍മദിനം ദേശീയ ഐക്യദിനമായാണ് കൊണ്ടാടുന്നത്. ഈ ദിനം ഉദ്ഘാടനം ചെയ്ത ശേഷമാണ് മോദി കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ചത്. 

കാശ്മീര്‍ പാക് അധീന കാശ്മീര്‍ വിഷയങ്ങളില്‍ കോൺ​ഗ്രസിനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും കുറ്റപ്പെടുത്തികൊണ്ടായിരുന്നു തുടക്കം. ദേശീയ പൗരത്വ നിയമത്തെയും എസ്ഐആറിനെയും എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെയും പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷം നുഴഞ്ഞു കയറിയ ആളുകളെ സംരക്ഷിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്നായിരുന്നു വിമര്‍ശനം. നുഴഞ്ഞുകയറ്റക്കാരാണ് രാജ്യത്തിന്‍റെ ഐക്യത്തിന് തടസം നിൽക്കുന്നതെന്നുവരെ പ്രധാനമന്ത്രി പറഞ്ഞു വെച്ചു. അഹമ്മദാബാദിലെ സ്റ്റാച്ചുഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഐക്യപ്രതിജ്ഞ പ്രധാനമന്ത്രി ചൊല്ലികൊടുത്തു.