കൊവിഡിനെതിരെയുള്ളത് നീണ്ട യുദ്ധമാണെന്നും വാക്സിനേഷന്‍ കൂട്ടായ ഉത്തരവാദിത്തമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
ദില്ലി: ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളിയെന്നും നേരിടാൻ വലിയ ജാഗ്രത ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധികളുടെ പട്ടികയില്‍പ്പെടുത്തണമെന്ന ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന് പിന്നാലെയാണ് മോദിയുടെ പരാമര്‍ശം. കൊവിഡ് പ്രതിരോധം ഒരു നീണ്ട യുദ്ധമാണ്. വാക്സിനേഷന്‍ കൂട്ടായ പ്രവര്‍ത്തനമാണെന്നും അത് സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റണമെന്നും മോദി യോഗത്തില്‍ പറഞ്ഞു.
കൊവിഡ് പോരാട്ടാത്തില്‍ വാരണാസി മികച്ച മാതൃക തീര്‍ത്തുവെന്നും ആരോഗ്യ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വികാരാധീനനായി മോദി പറഞ്ഞു. എന്നാല്‍ ബ്ലാക്ക് ഫംഗസിനുള്ള ചികിത്സയ്ക്കായി മരുന്ന് ക്ഷാമം നേരിടുകയാണെന്നായിരുന്നു ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍റെ പ്രതികരണം. 197 പേര്‍ക്കാണ് ദില്ലിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആരും ഡോക്ടര്‍മാരുടെ നിർദേശമില്ലാതെ സ്വയം ചികിത്സ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലാക്ക് ഫംഗസിന് പിന്നാലെ രാജ്യത്ത് ചിലയിടങ്ങളില്‍ വൈറ്റ് ഫംഗസ് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ബിഹാറില്‍ അഞ്ച് പേരിലാണ് രോഗം കണ്ടെത്തിയത്. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്.
