കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ അപമാനിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ദില്ലി: കർഷകരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കേണ്ടി വന്നത് പോലെ അഗ്നിപഥ് പ്രതിരോധ റിക്രൂട്ട്‌മെന്റ് പദ്ധതിയും (Agnipath Row) പ്രധാനമന്ത്രിക്ക് പിന്‍വലിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi). യുവാക്കളുടെ ആവശ്യം കേന്ദ്രത്തിന് അംഗീകരിക്കേണ്ടിവരും, അഗ്നിപഥ് പദ്ധതി പിന്‍വലിക്കേണ്ടിവരുമെന്ന് രാഹുല്‍ പ്രതികരിച്ചു. അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.

കഴിഞ്ഞ എട്ട് വർഷമായി ബിജെപി സർക്കാർ 'ജയ് ജവാൻ, ജയ് കിസാൻ' മൂല്യങ്ങളെ അപമാനിക്കുകയാണ്. പ്രധാനമന്ത്രിക്ക് ബ്ലാക്ക് ഫാം നിയമങ്ങൾ പിൻവലിക്കേണ്ടിവരുമെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിൽരഹിതരായ യുവാക്കളുടെ വേദനയും നിരാശയും സർക്കാർ മനസ്സിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. യുവാക്കളെ സഹായിക്കുന്നതിനുപകരം നിയമനം, റാങ്ക് എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

കോണ്‍ഗ്രസ് അഗ്നിപഥ് പ്രതിഷേധക്കാര്‍ക്കൊപ്പമെന്ന് സോണിയ ഗാന്ധിയും പ്രതികരിച്ചു. സമാധനാപരമായി പ്രതിഷേധം തുടരണമെന്നും സോണിയ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ 17-നും 21-നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് അഗ്നിപഥ് പദ്ധതിയില്‍ ഉൾപ്പെടുത്തുമെന്നും റിക്രൂട്ട് ചെയ്തവരിൽ 25 ശതമാനം പേരെ റെഗുലർ സർവീസിനായി നിലനിർത്തുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം നാലാം ദിവസവും അഗ്നിപഥ് പ്രതിഷേധം രാജ്യത്ത് ആളിക്കത്തുകയാണ്. ബിഹാറിൽ വാഹനങ്ങൾക്ക് തീയിട്ടു. ട്രെയിൻ യാത്രക്കാരൻ മരിച്ചു. ഇതിനിടെ പ്രതിഷേധം തണുപ്പിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളിൽ പത്ത് ശതമാനം സംവരണം കേന്ദ്രം പ്രഖ്യാപിച്ച്. അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ട്. 

Read More : അഗ്നിപഥിൽ രാജ്യത്ത് യുവജനരോഷം കത്തുന്നു,പലയിടത്തും അക്രമം, ബിഹാറിൽ രൂക്ഷം,പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രം

സൈന്യത്തില്‍ ജോലി ലഭിച്ചേക്കില്ലെന്ന പ്രചാരണത്തെ തുടര്‍ന്ന് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. നൂറിലധികം പൊലീസുകാരുണ്ടായിരുന്നെങ്കിലും ആയിരത്തോളം പ്രതിഷേധക്കാര്‍ ഏഴ് ഗെയ്റ്റുകളിലൂടെ പാഞ്ഞ് എത്തിയതിനാല്‍ രണ്ട് മണിക്കൂര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് റെയില്‍വേ പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പാര്‍സല്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും ബൈക്കുകളും അടക്കം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. മൂന്ന് ട്രെയിനുകള്‍ കത്തി നശിച്ചതടക്കം 200 കോടിയുടെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്.