ദില്ലി: കാര്‍ഷിക നിയമം പരിശോധിക്കാന്‍ സുപ്രീംകോടതിക്കേ കഴിയു എന്ന് കൃഷിമന്ത്രി. സുപ്രീംകോടതി തീരുമാനിക്കുന്നതെന്തും സര്‍ക്കാര്‍ അംഗീകരിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു. കാർഷിക നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് കർഷക സംഘടന നേതാക്കളും കേന്ദ്രമന്ത്രിമാരും നടത്തിയ എട്ടാം  വട്ട ചർച്ചയും ഇന്ന് പരാജയപ്പെട്ടു. ഇനി ഈ മാസം 15 ന് വീണ്ടും ചർച്ച നടത്താനാണ് തീരുമാനം.

കോടതിയിൽ പോകാനാണ് സർക്കാർ ചർച്ചയിൽ  ആവശ്യപ്പെട്ടതെന്ന്  ഭാരതീയ കിസാൻ യൂണിയൻ ദേശീയ ജനറൽ സെക്രട്ടറി യുദ് വീർ സിങ്ങ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിൽ നിന്ന് അനൂകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. അടുത്ത മീറ്റിംഗിൽ പങ്കെടുക്കണോ എന്ന കാര്യം കർഷക സംഘടനയുടെ യോഗത്തിൽ തീരുമാനിക്കും. നിയമം പിൻവലിക്കില്ലെന്ന് സർക്കാർ നിലപാട് എടുത്തതോടെ ചർച്ചയുടെ വഴി മുട്ടി. 26 ലെ റാലി ശക്തമാക്കുമെന്നും യുദ് വീർ സിങ്ങ് പറഞ്ഞു.

അതേസമയം നാടകീയ രംഗങ്ങളാണ് ഇന്നത്തെ ചർച്ചയ്ക്കിടെ നടന്നത്. തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ചർച്ചയ്ക്കെത്തിയ കർഷകനേതാക്കൾ മൗനവ്രതം നടത്തി. നിയമം പിൻവലിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാകാതെ സംസാരിക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയതോടെ ചർച്ചയ്ക്കെത്തിയ കേന്ദ്ര മന്ത്രിമാരും പ്രതിരോധത്തിലായി. നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോകുമെന്ന പ്ലക്കാർഡുകളടക്കം ഉയർത്തിയാണ് ചർച്ചയ്ക്കെത്തിയ കർഷക നേതാക്കൾ പ്രതിഷേധിച്ചത്. ഇതോടെ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും പ്രത്യേകം യോഗം ചേർന്നു.