ദിസ്‌പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ്. ഇതാരംഭിച്ച ഉടൻ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പരക്കെ അക്രമങ്ങൾ തുടങ്ങിയതായാണ് വിവരം.

അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്. എല്ലാ സ‍ര്‍വ്വകലാശാലകളും അസമിൽ പരീക്ഷകൾ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത്.

നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു. ലോക്സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. വന്ദേമാതരം വിളിയോടെയായിയിരുന്നു ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത് ആഘോഷിച്ചത്. ബില്ലിനെതിരായി 80 പേരും 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു.

കടുത്ത ഭരണ - പ്രതിപക്ഷ വാക്പോരിനൊടുവിലായിരുന്നു ബില്ല് പാസാക്കിയത്. കുഞ്ഞാലിക്കുട്ടിയൊഴികെയുള്ളവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിടാതെ തന്നെ തള്ളുകയായിരുന്നു. 

ബുധനാഴ്ച ബില്ല് രാജ്യസഭയിലെത്തും. നിലവിലെ സ്ഥിതിയനുസരിച്ച് ചെറു പാര്‍ട്ടികളുടെ പിന്തുണയോടെ രാജ്യസഭയിലും ബില്ല് പാസാക്കാന്‍ എന്‍ഡിഎ സര്‍ക്കാറിന് സാധിക്കുമെന്നാണ് സൂചന.