ബിഹാർ വനിതാ ശിശുവികസന കോർപ്പറേഷന്‍ എംഡി ഹർജോത് കൗർ ബർമയ്ക്ക് എതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ

ദില്ലി: സാനിറ്ററി നാപ്കിന്‍ സൗജന്യ നിരക്കിൽ നല്‍കി കൂടെയെന്ന് ചോദിച്ച പെൺകുട്ടിക്ക് മോശം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷന്‍. ബിഹാർ വനിതാ ശിശുവികസന കോർപ്പറേഷന്‍ എംഡി ഹർജോത് കൗർ ബർമയ്ക്ക് എതിരെയാണ് നടപടി. സംഭവത്തില്‍ റിപ്പോർട്ട് തേടിയ വനിതാ കമ്മീഷന്‍ അധ്യക്ഷ, രേഖ ശർമ 7 ദിവസത്തിനകം മറുപടി നല്‍കാൻ നിർദ്ദേശിച്ചു. യൂണിഫോമും പുസ്തകങ്ങളും സൗജന്യമായി നല്‍കുന്ന സർക്കാറിന് സാനിറ്ററി നാപ്കിനുകളും നല്‍കിക്കൂടെ എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ഇങ്ങനെ പോയാല്‍ ഗർഭ നിരോധന ഉറകളും സൗജന്യമായി ചോദിക്കുമല്ലോ എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. എല്ലാം സർക്കാർ ചെയ്തു തരണമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും ഓഫീസർ ഹർജോത് കൗർ ബംമ്ര പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി.

"സർക്കാരിന് 20-30 രൂപയ്ക്ക് സാനിറ്ററി പാഡ് നൽകാൻ കഴിയില്ലേ" എന്നായിരുന്നു 'പെൺമക്കളെ ശാക്തീകരിക്കൂ, ബിഹാറിനെ ഉന്നതിയിലെത്തിക്കൂ' എന്ന പരിപാടിക്കിടെ, വനിതാ ശിശുക്ഷേമ കോർപ്പറേഷൻ സംസ്ഥാന മേധാവി കൂടിയായ ഐഎഎസ് ഉദ്യോഗസ്ഥ ബംമ്രയോട് വിദ്യാർത്ഥിനി ചോദിച്ചത്. ഇതിന് പക്ഷേ അവർ നൽകിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. 

"നാളെ നിങ്ങൾ പറയും ജീൻസും തരാൻ. പിന്നെയത് മനോഹരമായ ഷൂസുകൾ കൂടി തന്നു കൂടേ എന്നാവും. ക്രമേണ സർക്കാർ കോണ്ടം ഉൾപ്പെടെയുള്ള കുടുംബാസൂത്രണ മാർ​ഗങ്ങളും തരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കും". ബംമ്ര മറുപടി നൽകി. 

സാനിറ്ററി പാഡ് സർക്കാർ നൽകുമോ എന്ന് വിദ്യാർത്ഥി; കോണ്ടവും തരേണ്ടിവരുമോ എന്ന് ഐഎഎസ് ഓഫീസർ, വിവാദം

ജനങ്ങൾ വോട്ട് ചെയ്താണ് ​സർക്കാർ അധികാരത്തിലെത്തിയതെന്ന് വിദ്യാർത്ഥിനി ഓർമ്മിപ്പിച്ചപ്പോൾ, ഇത് വിവരക്കേടിന്റെ അങ്ങേയറ്റമാണെന്നും വോട്ട് ചെയ്യണ്ട, ഇവിടം പാകിസ്ഥാനാവട്ടെ. നീയൊക്കെ വോട്ട് ചെയ്യുന്നത് പണത്തിനും സേവനങ്ങൾക്കും വേണ്ടിയാണോ എന്നായിരുന്നു ഓഫീസറുടെ മറുചോദ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളായിരുന്നു പരിപാടിയിൽ പങ്കെടുത്തതിലധികവും. 

കുട്ടികൾ തങ്ങളുടെ സ്കൂളിലെ ശുചിമുറികളെ കുറിച്ച് പരാതിപ്പെട്ടപ്പോഴും ബംമ്രയുടെ മറുപടി സമാനമായിരുന്നു. ശുചിമുറികൾ തകർന്ന നിലയിലാണെന്നും ആൺകുട്ടികളും തങ്ങളുടെ ശുചിമുറികൾ ചിലപ്പോൾ ഉപയോ​ഗിക്കാറുണ്ടെന്നും കുട്ടികൾ ചൂണ്ടിക്കാട്ടി. ഇതിന് ഓഫീസറു‌ടെ മറുപടി 'നിങ്ങളുടെ വീട്ടിലൊക്കെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറി ഉണ്ടോ' എന്നായിരുന്നു.