ദേശീയ വിദ്യാഭ്യാസ നയത്തെ കേരളമടക്കമുളള സംസ്ഥാനങ്ങളും വിദ്യാർത്ഥി സംഘടനകളും ശക്തമായി വിമർശിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ദില്ലി: പ്രതിപക്ഷ സംഘടനകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാർ. സംസ്ഥാനങ്ങൾ ചില നിർദേശങ്ങൾ സമർപ്പിച്ചിരുന്നുവെന്നും ഇത് സർക്കാർ പരിഗണിക്കുമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തെ കേരളമടക്കമുളള സർക്കാരുകളും വിദ്യാർത്ഥി സംഘടനകളും ശക്തമായി വിമർശിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അടിമുടി ഉടച്ചുവാർക്കുന്നതാണ് 2020ൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസം നയം. പ്രൈമറി സെക്കന്‍ററി ക്ളാസുകളുടെ ഘടനാ മാറ്റം, നാലു വർഷ ബിരുദ പ്രോഗാമുകൾ തുടങ്ങിയവയെല്ലാം ഏറെ ചർച്ചാ വിഷയമായിരുന്നു. സിലബസ് പരിഷ്ക്കരണമടക്കം വിദ്യാഭ്യാസ നയത്തിൽ സംഘപരിവാർ ഇടപെടുന്നുവെന്നായിരുന്നു പ്രധാന വിമർശനം. ചരിത്ര പുസ്തകങ്ങളിൽ നിന്നും മുഗൾ - സുൽത്താനേറ്റ് കാലഘട്ടം, പരിണാമ സിദ്ധാന്തം തുടങ്ങിയ പാഠഭാഗങ്ങൾ ഒഴിവാക്കിയതും രാമായണവും മഹാഭാരതവും ചരിത്രപഠനത്തിന്റെ ഭാഗമാക്കാനുളള എൻസിആർടി വിദഗ്ധ സമിതി ശുപാർശയും ഈ വിമർശനത്തിന് മൂർച്ചയേകി. എന്നാൽ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ വിമർശനം മാധ്യമങ്ങൾക്ക് മുൻപിൽ മാത്രമാണെന്ന് സുഭാഷ് സർക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നുണ്ടെന്ന് കേരളം പ്രഖ്യാപിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം തളളണം എന്നതടക്കമുളള മുദ്രാവാക്യങ്ങളുമായി ഇന്ത്യ സഖ്യത്തിലെ 16 വിദ്യാർത്ഥി സംഘടനകൾ നാളെ ചെന്നൈയിൽ സംയുക്ത റാലി നടത്തും. 

YouTube video player