നാഷണൽ ഹെറാൾഡ് കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നത് ചര്‍ച്ച ചെയ്ത് കോണ്‍ഗ്രസ് . കേസിൽ സോണിയ ഗാന്ധിക്കും  രാഹുൽ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം നൽകിയതിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും.

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ ഡി കുറ്റപത്രം നൽകിയതിൽ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും. ഇ ഡി ഓഫീസുകൾ ഉപരോധിച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം. എ ഐ സി സി ഓഫീസിന് മുന്നിൽ നിന്ന് ദില്ലിയിലെ പ്രവർത്തകർ പ്രതിഷേധ മാർച്ചായി ഇഡി ഓഫീസിലെത്തും.

കുറ്റപത്രം 25ന് കോടതി വീണ്ടും പരിഗണിക്കും. രാഷട്രീയ പകപോക്കലാണ് കേസിന് പിന്നിലെന്നാണ് കോൺഗ്രസിന്‍റെ വിമർശനം. ഇതിനിടെ, 
നാഷണൽ ഹെറാൾഡ് കേസിൽ സുപ്രീംകോടതിയെ സമീപിക്കുന്നതും കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേക കോടതിയിലെ നടപടികൾക്ക് സ്റ്റേ ആവശ്യപ്പെടുന്നതാണ് പരിഗണനയിലുള്ളത്.

പണം കൈമാറാത്ത ഇടപാടിൽ കള്ളപ്പണ നിയമം ബാധകമാകുന്നതെങ്ങനെയെന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. പ്രതിഷേധം ശക്തമാക്കുന്നത് ആലോചിക്കാൻ നേതാക്കൾ ഇന്ന് യോഗം ചേരും. ഇതിനിടെ, ഭൂമി ഇടപാട് കേസിൽ റോബർട്ട് വദ്രയെ ഇഡി ഇന്നും ചോദ്യം ചെയ്യും. ഹരിയാനയിലെ ഡിഎൽഎഫ് ഇടപാടിൽ 50 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ. ഇന്നലെ ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് വദ്രയുടെ പ്രതികരണം.

നാഷണൽ ഹെറാൾഡ് കേസ്; സോണിയയ്ക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി, കുറ്റപത്രത്തിൽ സാം പിത്രോഡയും

YouTube video player