ദില്ലി റൗസ് അവന്യൂ കോടതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്. ഈ മാസം 25 ന് കേസ് കോടതി പരിഗണിക്കും.  

ദില്ലി: സോണിയ ഗാന്ധിയേയും, രാഹുല്‍ഗാന്ധിയേയും ഒന്നും രണ്ടും പ്രതികളാക്കി നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കുറ്റപത്രം നല്‍കി ഇഡി. 25ന് കേസ് ഡയറി ഹാജരാക്കാന്‍ ഇഡിക്ക് പ്രത്യേക കോടതി നിര്‍ദ്ദേശം നല്‍കി.നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി ഇഡി ഓഫീസുകള്‍ ഉപരോധിക്കും. ഇതിനിടെ ഹരിയാനിയിലെ ഭൂമി ഇടപാട് കേസില്‍ റോബര്‍ട്ട് വദ്രയെ നാളെ വീണ്ടും ഇഡി ചോദ്യം ചെയ്യും. ‌‌

ഗാന്ധി കുടുംബത്തിനെതിരെ ശക്തമായ നീക്കമാണ് ഇഡി നടത്തുന്നത്. 2014ല്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സിബിഐയും ഇഡിയും അന്വേഷണം തുടങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേര്ണല്‍ ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടമാരായ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. 2000 കോടിക്കടുത്ത് വിലവരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ സ്വത്ത് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തുനെന്നുവെന്നായിരുന്നു കേസ്. വ്യാജ സംഭാവന, വ്യാജ വാടക അഡ്വാന്‍സ്, പെരുപ്പിച്ച കാട്ടിയ പരസ്യങ്ങള്‍ എന്നിവ വഴി 85 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് കുറ്റപത്രം പറയുന്നത്. 

ഗാന്ധി കുടുംബവുമായി അടുപ്പമുള്ള സാംപിത്രോദ, സുമന്‍ ഡേ എന്നിവരും പ്രതികളാണ്. 5000 കോടിയുടെ അഴിമതി നടന്നുവെന്നും,ഗാന്ധിമാര്‍ അവകാശപ്പെടുന്നത് പോലെ യംഗ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി 25ന് കുറ്റപത്രം അംഗീകരിക്കുന്നതില്‍ വാദം കേള്‍ക്കും. എന്നാല്‍ കെട്ടിച്ചമച്ച കേസാണെന്നും, പ്രതികാര രാഷ്ട്രീയമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. 

അതേസമയം, ഹരിയാനയിലെ ഡിഎല്‍എഫ് ഭൂമി ഇടപാടില്‍ റോബര്‍ട്ട് വാദ്രയെ ഇന്ന് ഇഡി 7 മണിക്കൂറാണ് ചോദ്യം ചെയ്തത്. 50 കോടിയുടെ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. രാവിലെ അനുയായികള്‍ക്കൊപ്പം ഇഡി ഓഫീസിലെത്തിയ റോബര്‍ട്ട് വദ്ര കേസ് കെട്ടിച്ചമച്ചതാണെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സംഘടന നവീകരണ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേസുകള്‍ ഇഡി സജീവമാക്കിയത്. എഐസിസി സമ്മേളനം സമാപിച്ച 9നാണ് ഇഡി കുറ്റപത്രം നല്‍കിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കേയുള്ള ഇഡിയുടെ നീക്കം വന്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴി വച്ചേക്കാം.

എന്‍.എസ്.എസ് കുവൈത്ത് 'സ്നേഹ വീട്' പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോല്‍ദാനം നടത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം