Asianet News MalayalamAsianet News Malayalam

Sonia Gandhi : നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധി ചൊവ്വാഴ്ച ഹാജരായാൽ മതിയെന്ന് ഇഡി

കേസില്‍ ഇന്നലെ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുള്ളൂ. പന്ത്രണ്ടേകാലിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ വരെയാണ് നീണ്ടുനിന്നത്.

National Herald case ED issues new summons to Sonia Gandhi for questioning on July 26
Author
Delhi, First Published Jul 22, 2022, 9:10 PM IST

ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍  (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി (Sonia Gandhi) ചൊവ്വാഴ്ച ഹാജരായാൽ മതിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച എത്താനായിരുന്നു നേരത്തെ നല്‍കിയിരുന്ന നിർദ്ദേശം. കേസില്‍ ഇന്നലെ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തിരുന്നു.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇന്നലെ ഇഡി ഓഫീസിലേക്ക് എത്തിയത്. അനാരോഗ്യം പരിഗണിച്ച് ഇന്ന് രണ്ട് മണിക്കൂര്‍ മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുള്ളൂ. പന്ത്രണ്ടേകാലിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ രണ്ടേകാല്‍ വരെയാണ് നീണ്ടുനിന്നത്. കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ ഏറെ നേരം ഇരിക്കാനാവില്ലെന്ന് സോണിയ ഗാന്ധി അറിയിക്കുകയായിരുന്നു.  രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട്  ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയെ  വീണ്ടും ചോദ്യം ചെയ്തേക്കും. 

Also Read: 'നാഷണൽ ഹെറാൾ‍ഡ് കേസിലെ ഇഡി നീക്കം നേതാക്കളെ അപമാനിക്കാൻ': രാജ്യം ഭരിക്കുന്നവർക്ക് ഭയം എന്ന് വി ഡി സതീശൻ

സോണിയ ​ഗാന്ധി ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി 

കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ​ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ഡിസിസി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് എന്നിവരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. കോൺഗ്രസിന്റെ നിയമാവലിക്കു വിരുദ്ധമായി ഡിസിസി പ്രസിഡന്റ് പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ കുണ്ടറയിലെനേതാവ് പൃഥ്വിരാജ് നൽകിയ ഹർജിയിലാണു മൂവരും ഹാജരാകാൻ കോടതി നിർദേശിച്ചത്. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താന്റെ ആരോപണങ്ങളെത്തുടർന്ന് അന്നത്തെ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ കുണ്ടറയിലെ പ്രാദേശിക നേതാവാ‌യിരുന്ന പൃഥ്വിരാജിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  പാർട്ടി നേതൃത്വത്തിന്  നിവേദനം നൽകിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് നിയമനടപടിയുമായി മുന്നോട്ട് പോയത്. അഡ്വ. ബോറിസ് പോൾ മുഖേനയാണ് പൃഥീരാജ് മുൻസിഫ് കോടതിയെ സമീപിച്ചത്.

Follow Us:
Download App:
  • android
  • ios