തുടർച്ചയായി ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാഹുലിന് ഇഡി അര  മണിക്കൂർ നേരം ഇടവേള നൽകി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇഡി ഓഫീസിലേക്ക് മടങ്ങി വന്നത്.

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് അഞ്ചാം ദിവസവും തുടരുകയാണ്. ഇന്നത്തെ ചോദ്യം ചെയ്യൽ പന്ത്രണ്ടാം മണിക്കൂറിലേക്ക് അടുക്കുകയാണ്. തുടർച്ചയായി ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാഹുലിന് ഇഡി അര മണിക്കൂർ നേരം ഇടവേള നൽകി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഇഡി ഓഫീസിലേക്ക് മടങ്ങി വന്നത്. ഇന്നലെ 12 മണിക്കൂറായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്ത കേസിൽ അറസ്റ്റുണ്ടാകില്ലെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ .

ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഡയറ്കടർമാരായ യങ് ഇന്ത്യ ലിമിറ്റഡിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ഇഡി നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് ഉയര്‍ത്തുന്നത്. അഭിഭാഷക ജീവിതത്തില്‍ ഇതുവരെയും ഇത്രയും നീണ്ട ചോദ്യം ചെയ്യല്‍ കണ്ടിട്ടില്ലെന്നാണ് പാര്‍ട്ടി കേസുകള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന നേതാവ് മനു അഭിഷേക് സിംഗ് വി വ്യക്തമാക്കിയത്. 2105ല്‍ വീണ്ടും അന്വേഷണം തുടങ്ങിയ കേസില്‍ ഇതുവരെയും എഫ്ഐആര്‍ ഇട്ടിട്ടില്ല. പണമിടപാട് നടത്താതെ കള്ളപ്പണം വെളിപ്പിച്ചുവെന്ന് എങ്ങിനെ തെളിയിക്കാനാകുമെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു. അഗ്നിപഥ് അടക്കം കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധിയെ കരുവാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇന്നലെ ജന്തര്‍മന്തറില്‍ പ്രതിഷേധിച്ചെങ്കില്‍ സമര വേദി പാര്‍ട്ടി ആസ്ഥാനത്തേക്ക് മാറ്റി കൂടുതല്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചാണ് പ്രതിഷേധം തുടരുന്നത്. എംഎല്‍എമാരടക്കം കൂടുതല്‍ പേരെ എത്തിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 

ദില്ലി ഇന്നും സംഘർഷഭരിതം

ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കടക്കം പരിക്കേറ്റു. പൊലീസ് കൈയേറ്റം ചെയ്തുവെന്നാരോപിച്ച് വനിതാ നേതാവ് അല്‍ക്കാ ലാംബ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച തന്നെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് അല്‍ക്കാ ലാംബയുടെ പരാതി. എഐസിസി ഓഫീസിന് മുന്നിലുള്ളബാരിക്കേഡ് മറികടന്ന് ഇഡി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ക്ക് പരിക്കേറ്റു. കെ സി വേണുഗോപാല്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ് ആന്‍റോ ആന്‍റണി, ബെന്നി ബഹ്നാന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി.

അഞ്ച് ദിവസമായി ഇഡി തുടരുന്ന ചോദ്യം ചെയ്യലില്‍ കോണ്‍ഗ്രസ് കടുത്ത അമര്‍ഷത്തിലാണ്. എഫഐആര്‍ പോലും ഇടാത്ത കേസില്‍ എന്തിന് ഇത്ര മണിക്കൂര്‍ ചോദ്യം ചെയ്യുന്നുവെന്നാണ് നേതാക്കള്‍ ചോദിക്കുന്നത്. സോണിയ ഗാന്ധിക്ക് കൂടി ഇഡി നോട്ടീസ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരെയടക്കം ദില്ലിയിലെത്തിച്ച് പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.