എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ, രാഹുൽ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകും, റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്ക് മുന്നിൽ രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, പ്രതിഷേധ റാലിയുമായി മുന്നോട്ടുതന്നെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്ന് കെ.സി. വ്യക്തമാക്കി. മോദിക്കും അമിത് ഷാക്കും എന്തിനാണ് പേടിയെന്നും അദ്ദേഹം ചോദിച്ചു. കേസിൽ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങും. പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട സമയമാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി ദില്ലിയിൽ പറഞ്ഞു. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ
അതേസമയം കോൺഗ്രസ് മാർച്ച് തടയാൻ ശക്തമായ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ദില്ലി പൊലീസ്. എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദില്ലി നഗരത്തിലും എഐസിസി ഓഫീസ് പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു. ഓഫീസിലേക്കുള്ള വഴിയും അടച്ചു. രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി രാഹുലിനൊനൊപ്പം കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും എന്ന് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നൊരുക്കം. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.
രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകും, എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ
'ഞാൻ സവർക്കറല്ല, രാഹുൽ ഗാന്ധി ആണ്'
രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ദില്ലിയിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു. തുഗ്ലക്ക് ലൈനിലെ വീടിന് സമീപത്താണ് ബോർഡുകൾ സ്ഥാപിച്ചത്. മോദിക്കും അമിത് ഷാക്കും മുന്നിൽ മുട്ടുമടക്കാൻ ഞാൻ സവർക്കർ അല്ല, രാഹുൽ ഗാന്ധിയാണ് എന്നിങ്ങനെയുള്ള വാചകങ്ങളുമായാണ് പോസ്റ്ററുകൾ.
'ഞാൻ സവർക്കർ അല്ല രാഹുൽ ഗാന്ധി ആണ്'
'ഡിയർ മോദി & ഷാ ഇത് രാഹുൽ ഗാന്ധി ആണ് നിങ്ങളെ വണങ്ങില്ല'
രാഹുൽ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ഗാന്ധി ഇന്ന് ദില്ലിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് മുന്‍പാകെ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഇഡിക്ക് മുന്നിലെത്തുക.കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സോണിയ ഗീന്ധിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും കൊവിഡ് ബാധിതയായ സാഹചര്യത്തിൽ കൂടുതൽ സമയം വേണമെന്ന് സോണിയ ആവശ്യപ്പെട്ടിരുന്നു. നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎൽ കമ്പനിയുടെ കോടിക്കണക്കിന് വിലവരുന്ന ആസ്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഡയറക്ടർമാരായ യംഗ് ഇന്ത്യ എന്ന കമ്പനിയിലേക്ക് മാറ്റിയതിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിലാണ് ഇഡി നടപടി.
കേരളത്തിലും ശക്തമായ പ്രതിഷേധമെന്ന് കെപിസിസി
കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്റു കുടുംബത്തേയും തുടര്‍ച്ചയായി അപകീര്‍ത്തിപ്പെടുത്താനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ എഐസിസി ആഹ്വാനമനുസരിച്ച് എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റുകളിലേക്ക് സംസ്ഥാന കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കും. എറണാകുളം ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കോഴിക്കോട് ഇഡി ഓഫീസിലേക്ക് നടക്കുന്ന മാര്‍ച്ച് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസിന്‍റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മുഴുവന്‍ മാതേതര ജനാധിപത്യ വിശ്വാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്നും ഇഡി ഓഫീസ് മാര്‍ച്ചുകള്‍ വിജയിപ്പിക്കണമെന്നും കെ.സുധാകരന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.'ഇഡി സമന്‍സ് പ്രതികാരത്തിന്‍റെയും കുടിപ്പകയുടെയും ബാക്കിപത്രം; കയ്യും കെട്ടി നോക്കിയിരിക്കില്ല': കെ സുധാകരന്‍
