Asianet News MalayalamAsianet News Malayalam

സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു, ഇതുവരെ ചോദിച്ചത് 55 ചോദ്യങ്ങൾ; രാഹുലും പുറത്തിറങ്ങി

സോണിയ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാഹുൽ ഗാന്ധിയോട് ചോദിച്ച അതെ വിവരങ്ങളാണ് സോണിയ ഗാന്ധിയോടും തേടിയതെന്നാണ് ഇഡി വ്യത്തങ്ങൾ അറിയിക്കുന്നത്.

National Herald case Sonia Gandhi leaves ed office after 6 hrs of questioning  rahul gandhi also leaves police custody
Author
Delhi, First Published Jul 26, 2022, 8:13 PM IST

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ (National Herald Case) കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും എന്നാണ് വിവരം. നാളെത്തെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടീസ് നൽകിയതായി ഇഡി വൃത്തങ്ങൾ അറിയിച്ചു. സോണിയ ഗാന്ധിയോട് ഇതുവരെ 55 ചോദ്യങ്ങളാണ് ചോദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാഹുൽ ഗാന്ധിയോട് ചോദിച്ച അതെ വിവരങ്ങളാണ് സോണിയ ഗാന്ധിയോടും തേടിയതെന്നാണ് ഇഡി വ്യത്തങ്ങൾ അറിയിക്കുന്നത്. അതേസമയം ഇഡി നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. അതേസമയം, ആറര മണിക്കൂറിന് ശേഷം രാഹുൽ ഗാന്ധി പുറത്തിറങ്ങി.

സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ചുള്ള രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനിടെയാണ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. വിജയ് ചൗക്കില്‍ മണിക്കൂറുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു കസ്റ്റഡി. രാഹുലിനൊപ്പം മറ്റ് എംപിമാരേയും പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കി. എഐസിസി ആസ്ഥാനവും സംഘര്‍ഷഭരിതമായി. മനോവീര്യം തകര്‍ക്കാൻ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. തൊഴിലില്ലായ്മ ജിഎസ് ടി തുടങ്ങിയ വിഷയങ്ങളിൽ ചോദ്യം ചോദിക്കരുതെന്നാണ് കേന്ദ്ര നിലപാടെന്നും രാഹുൽ കസ്റ്റഡിയിലിരിക്കെ ട്വീറ്റ് ചെയ്തു. 

Also Read: പൊലീസ് കസ്റ്റഡിയിൽ വിലക്കയറ്റവും അഗ്നിപഥും ചർച്ച ചെയ്ത് കോൺഗ്രസ്; മനോവീര്യം തകർക്കാനാവില്ലെന്ന് രാഹുൽ ഗാന്ധി

അന്വേഷണ ഏജന്‍സികളെ  കേന്ദ്രം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്നുമുള്ള പരാതിയുമായാണ് രാഷ്ട്രപതിയെ കാണാന്‍ പ്രതിഷേധ മാര്‍ച്ചായി എംപിമാര്‍ നീങ്ങിയത്. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിരോധനമുള്ള വിജയ് ചൗക്കില്‍ മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊടിക്കുന്നില്‍ സുരേഷ്, രമ്യഹരിദാസ്, ടിഎന്‍ പ്രതാപന്‍ തുടങ്ങിയ എംപിമാരെ  ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. വലിച്ചഴച്ചാണ് എംപിമാരെ നീക്കിയത്. 

Follow Us:
Download App:
  • android
  • ios