വാളയാര്‍ പീഡനക്കേസില്‍ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം: പാലക്കാട്ടെ മാവോയിസ്റ്റ് വധം പരിശോധിച്ച ശേഷം സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എച്ച് എല്‍ ദത്തു. സാധാരണ ഇത്തരം കാര്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ അറിയിക്കുന്നതാണ് കീഴ്‍വഴക്കം. വാളയാര്‍ പീഡനക്കേസില്‍ പരാതികളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ പുനരന്വേഷണത്തിന് അപേക്ഷ നല്‍കുമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചതെന്നും എച്ച് എല്‍ ദത്തു പറഞ്ഞു.കേരളത്തില്‍ കാര്യമായ മനുഷ്യാവകാശ ലംഘനങ്ങളില്ലെന്നും എച്ച് എല്‍ ദത്തു പറഞ്ഞു.
"
അതേസമയം കേന്ദ്ര ബാലാവകാശ കമ്മീഷൻ വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ കാണാതെ മടങ്ങി. ഇന്നലെ തിരുവനന്തപുരത്ത് പോയ മാതാപിതാക്കൾ ഇതുവരെ വാളയാറിലെത്താത്തതിനെ തുടർന്നാണ് കമ്മീഷൻ മടങ്ങിയത്. ബാലാവകാശ കമ്മീഷൻ അംഗം യശ്വന്ത് ജെയിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മടങ്ങിയത്. വാളയാർ സംഭവത്തിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തിരുന്നു. വീട് സന്ദർശിക്കാൻ തീരുമാനിച്ചിരുന്ന ദിവസം മാതാപിതാക്കള്‍ വാളയാറിൽ നിന്നും മാറിയതിൽ സംശയമുണ്ടെന്ന് ഇന്നലെ യശ്വന്ത് ജെയിന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ കാണാനായി ഇന്നലെയാണ് വാളായര്‍ പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ തിരുവനന്തപുരത്ത് എത്തിയത്. കെപിഎംഎസ് സംസ്ഥാന അധ്യക്ഷൻ പുന്നല ശ്രീകുമാറിനൊപ്പമാണ് കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. പെണ്‍കുട്ടികളുടെ കൊലപാതക കേസില്‍ സിബിഐ അന്വേഷണ സാധ്യത തേടുമെന്ന് മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുകുയം ചെയ്തിരുന്നു ഇന്നലെ. അതേസമയം വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് പരിഗണിക്കും.
