ദില്ലി: ദേശീയ ജനസംഖ്യ റജിസ്റ്ററിന്‍റെ (എൻപിആർ) വിവരശേഖരണം ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ന്യൂ ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലാണ് ആദ്യഘട്ട വിവരശേഖരണം ആരംഭിക്കുക. രാജ്യത്തിന്‍റെ പ്രഥമ പൗരന്‍ കൂടിയായ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിവരങ്ങളാണ് പട്ടികയിൽ ആദ്യം എൻറോൾ ചെയ്യുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

തൊട്ടുപിന്നാലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ വിവരങ്ങളും ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിക്കും. എന്‍പിആറിനെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ജനങ്ങളെ അഭിസംബോധന ചെയ്യും.

മാതാപിതാക്കളുടെ ജനന സ്ഥലം, തീയതി എന്നീ വിവാദ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച കേരളവും ബംഗാളും കോണ്‍ഗ്രസ് ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളുമായും കേന്ദ്രസര്‍ക്കാര്‍ ആശയവിനിമയം നടത്തിവരികയാണ്. 

Read More: എൻപിആറിൽ അനുനയനീക്കവുമായി കേന്ദ്രം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചർച്ചയ്ക്ക് തയ്യാർ

എതിർപ്പ് ഉന്നയിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താൻ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ തീരുമാനിച്ചു. പൗരത്വനിയമഭേദഗതി നടപ്പാക്കുന്നതിലെ ആശങ്ക ദൂരീകരിച്ച് അവരെ ഒപ്പം നിർത്തുക എന്നതാണ് കേന്ദ്രനീക്കത്തിന്‍റെ ലക്ഷ്യം. സർക്കാരിന്‍റെ 'അനുനയ' നീക്കത്തിന്‍റെ ഭാഗമായി, കേന്ദ്ര സെൻസസ് കമ്മീഷണറായ വിവേക് ജോഷി, വെള്ളിയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ കണ്ട് ചർച്ച നടത്തി. എൻപിആർ നടപ്പാക്കില്ലെന്ന് നിയമസഭയിൽ പ്രമേയം പാസ്സാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

പൗരത്വ നിയമഭേദഗതിയും, അതിനുള്ള വിവരശേഖരണത്തിന് കാരണമാകുന്ന ദേശീയ പൗരത്വ റജിസ്റ്ററുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ആദ്യം നിയമസഭയിൽ സംയുക്ത പ്രമേയം പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ഏകകണ്ഠമായി പാസ്സാക്കിയെടുത്ത ആദ്യ സംസ്ഥാനം കേരളമാണ്. പിന്നാലെ പശ്ചിമബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ് ഗഢ്, പഞ്ചാബ്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവയും സമാനമായ പ്രമേയം പാസ്സാക്കി.