Asianet News MalayalamAsianet News Malayalam

ദേശീയ സുരക്ഷാ കൗൺസിൽ യോഗം അവസാനിച്ചു; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും വിദേശകാര്യസെക്രട്ടറിയും പങ്കെടുത്തു.

national-security-meet-in-delhi-ends-pm takes-stock-of situation
Author
Delhi, First Published Mar 3, 2019, 11:27 PM IST

ദില്ലി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേ‌ർന്ന അടിയന്തര സുരക്ഷാ കൗൺസിൽ യോ​ഗം അവസാനിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ, കേന്ദ്രമന്ത്രിമാരായ രാജ്‍നാഥ് സിംഗ്, സുഷമാ സ്വരാജ്, നിർമലാ സീതാരാമൻ, അരുൺ ജയ്‍റ്റ്‍ലി എന്നിവ‌ർ പങ്കെടുത്ത യോ​ഗത്തിൽ നിലവിലെ സ്ഥിതി​ഗതികൾ വിലയിരുത്തി. അത‌ിർത്തിയിലെ പാക് പ്രകോപന തുടരുന്നതും. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും യോ​ഗത്തിൽ ചർച്ചയായതായാണ് റിപ്പോ‍ർട്ട്.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ കൊല്ലപ്പെട്ടെന്ന വിവരം അൽപസമയം മുൻപ് പുറത്തു വന്നിരുന്നു. ഇന്ത്യൻ ഇന്‍റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയചാനലുകൾ ഈ വാർത്ത പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ സജീവമായി. പാകിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള സൈനിക ആശുപത്രിയിൽ വച്ച് ഇന്നലെ ഉച്ചയോടെ മസൂദ് അസർ മരിച്ചെന്നായിരുന്നു റിപ്പോർട്ട്. അസർ പാകിസ്ഥാനിലുണ്ടെന്നും തീരെ അവശനാണെന്നും എഴുന്നേറ്റ് നടക്കാൻ പോലും കഴിയുന്നില്ലെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷിയും വ്യക്തമാക്കിയിരുന്നു. അസർ മരിച്ചെന്ന വാർത്ത പക്ഷേ പാക് സർക്കാരോ സൈന്യമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലുള്ള ഹന്ദ്‍വാരയിൽ ശനിയാഴ്ച മുതൽ തുടരുന്ന ഏറ്റുമുട്ടലിൽ മരിച്ച രണ്ട് തീവ്രവാദികളും ലഷ്കർ ഇ ത്വയ്യിബ അംഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിൽ ഒരാൾ പാകിസ്ഥാൻ പൗരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് സുരക്ഷാ സേനാ ഉദ്യോഗസ്ഥരെയാണ് ഈ ഏറ്റുമുട്ടലിൽ ഇന്ത്യക്ക് നഷ്ടമായത്. ഇക്കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമായതായാണ് സൂചന.

അതിർത്തിയിലാകട്ടെ പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. രജൗരി, കൃഷ്ണഘാട്ടി, പൂഞ്ച് ഉൾപ്പടെയുള്ള സെക്ടറുകളിൽ തുടർച്ചയായി വെടിവെപ്പും നടക്കുന്നു. ഇസ്ലാമിക രാഷ്ടങ്ങളുടെ സമ്മേളനത്തിൽ 'കശ്മീർ' പ്രശ്നത്തിന്‍റെ പേരിൽ ഇന്ത്യയെ ശക്തമായി കുറ്റപ്പെടുത്തി പ്രമേയവും പാസ്സാക്കിയിരുന്നു. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിച്ച് പങ്കെടുപ്പിച്ച ശേഷമായിരുന്നു ഇത്. എന്നാൽ ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതിൽ വേറെ ആരും ഇടപെടേണ്ടെന്നുമായിരുന്നു ഇന്ത്യ ഇതിന് മറുപടി നൽകിയത്.  ഈ സാഹചര്യങ്ങളിലാണ് പ്രധാനമന്ത്രി അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചത്. 

Follow Us:
Download App:
  • android
  • ios