ദില്ലി: ആർഎസ്എസിനെയും ആർഎസ്എസ് നേതാക്കളെയും കടന്നാക്രമിച്ച് കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. നാ​ഗ്പൂരിൽ നിന്ന് മുട്ടറ്റം ഇറക്കമുള്ള ട്രൗസർ ധരിച്ച് പ്രസം​ഗിക്കുന്നതല്ല ദേശീയതയെന്നും പകരം കർഷകരുടെ ക്ഷേമത്തിനൊപ്പം നിൽക്കുന്നതാണ് ദേശീയതയെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. ആർഎസ്എസിന്റെ പേരെടുത്ത് പറയാതെയാണ് സച്ചിന്റെ കടന്നാക്രമണം. 

പുതിയ കാർഷിക നിയമം വഴി ബിജെപി കർഷകരെ ഇരുട്ടിലേക്ക് തള്ളിവിടുകയാണെന്നും രാജസ്ഥാൻ മുൻ  ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കി. ഏതെങ്കിലും തീരുമാനത്തിൽ നിന്ന് പിന്മാറിയാൽ സർക്കാർ പരാജയപ്പെടില്ലെന്ന് കേന്ദ്രം മനസ്സിലാക്കണമെന്നും സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.