Asianet News MalayalamAsianet News Malayalam

ഒമ്പത് ദിവസം ആരോടും ഒന്നും മിണ്ടില്ല; അറിയിച്ചത് ഭാര്യ, ജയിലിനുള്ളില്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന്‍റെ മൗനവ്രതം

റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് സിദ്ദു

Navjot Singh Sidhu begins nine day maun vrat in jail
Author
First Published Sep 26, 2022, 5:30 PM IST

പാട്യാല: മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ദു ജയിലില്‍ മൗനവ്രതത്തില്‍. റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ് സിദ്ദു. നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഒമ്പത് ദിവസം നവ്ജ്യോത് സിംഗ് സിദ്ദു മൗനവ്രതത്തില്‍ ആയിരിക്കുമെന്ന് അദ്ദേഹത്തിന്‍റെ ഭാര്യയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സിദ്ദുവിന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഭാര്യ ഇക്കാര്യം ട്വീറ്റ് ചെയ്തത്.  34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി എന്ന കേസിൽ സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. 1988ൽ ഡിസംബർ 27ന് റോഡിൽ വച്ചുണ്ടായ തർക്കത്തിനിടെ പട്യാല സ്വദേശി ഗുർനാം സിംഗിനെ സുഹൃത്തിനൊപ്പം സിദ്ദു മർദ്ദിച്ചെന്നും തലയ്ക്കടിയേറ്റ് ഇയാൾ മരിച്ചു എന്നുമാണ് കേസ്.

99ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയുമായിരുന്നു.

സുപ്രീംകോടതിയെ സമീപിച്ച സിദ്ദു കുറ്റകൃത്യ സ്വഭാവത്തോടെ നടന്ന സംഭവമായിരുന്നില്ല ഇതെന്ന് വാദിച്ചു. വാദം അംഗീകരിച്ച കോടതി തടവുശിക്ഷ ഒഴിവാക്കുകയും മുറിവേൽക്കണമെന്ന ഉദ്ദേശ്യത്തോടെ മർദ്ദിച്ചു എന്നത് കണക്കിലെടുത്ത് 1000 രൂപ പിഴയൊടുക്കാൻ നിർദേശിക്കുകയും ചെയ്തു. ഈ വിധി ചോദ്യം ചെയ്ത് ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ ഹർജിയിലാണ് മുൻ ക്രിക്കറ്റ് താരത്തെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്. 

കേരള സ്റ്റൈലില്‍ കണ്ണനെ കാണാന്‍ കനയ്യ കുമാര്‍ ഗുരുവായൂരില്‍; സന്ദര്‍ശനം ജോഡോ യാത്രക്കിടെ

Follow Us:
Download App:
  • android
  • ios