Asianet News MalayalamAsianet News Malayalam

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം എൻസിപി; തകരുമോ മഹാരാഷ്ട്രയിലെ മഹാവികാസ് സഖ്യം

പുറകിൽ നിന്ന് എൻസിപി കുത്തിയെന്ന് അദ്ദേഹം പറഞ്ഞു . ശത്രുവാണെങ്കിൽ മുന്നിൽ നിന്ന് കളിക്കണമായിരുന്നു. ചിന്തൻ ശിബിരിൽ അടക്കം കോൺഗ്രസ് ഹൈക്കമാൻഡിനെ ഇക്കാര്യം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു

NCP joint hands with BJP in District Panchayat president election in Maharashtra
Author
Mumbai, First Published May 12, 2022, 7:09 PM IST

മുംബൈ: മഹാരാഷ്ട്രയിലെ (Maharashtra) ഗോണ്ടിയയിൽ കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നു.  53അംഗ ജില്ലാപഞ്ചായത്തിൽ ബിജെപിക്ക് 26ഉം കോൺഗ്രസിന് 13ഉം എൻസിപിക്ക് ആറും അംഗങ്ങളുണ്ട്. ശേഷിക്കുന്നവർ ചെറുപാർട്ടികളും സ്വതന്ത്രരുമാണ്. ഫലം വന്നപ്പോൾ ബിജെപി ജയിച്ചു. കോൺഗ്രസ് അംഗങ്ങൾ ഒഴികെ എല്ലാവരും ബിജെപിക്കൊപ്പം നിന്നു. അതായത് എൻസിപിയുടെ വോട്ടും പോയത് ബിജെപിക്ക്. ചെയ്ത ഉപകാരത്തിന് ബിജെപി നന്ദി കാട്ടി. എൻസിപി അംഗത്തെ വൈസ് പ്രസിഡന്‍റാകാൻ പിന്തുണച്ചു. സംസ്ഥാനം ഭരിക്കുന്നത് കോൺഗ്രസ് -എൻസിപി- ശിവസേനാ സഖ്യമാണെന്ന് ഓർക്കണം. പക്ഷെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി കോൺഗ്രസിനൊപ്പം നിൽക്കേണ്ടിയിരുന്ന എൻസിപി ബിജെപിക്ക് വോട്ട് ചെയ്തു!

NCP joint hands with BJP in District Panchayat president election in Maharashtra

എൻസിപി നേതാവ് അജിത് പവാർ

പൊട്ടിത്തെറിച്ച് കൊണ്ടായിരുന്നു കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പഠോളെയുടെ പ്രതികരണം. പുറകിൽ നിന്ന് എൻസിപി കുത്തിയെന്ന് അദ്ദേഹം പറഞ്ഞു . ശത്രുവാണെങ്കിൽ മുന്നിൽ നിന്ന് കളിക്കണമായിരുന്നു. ചിന്തൻ ശിബിരിൽ അടക്കം കോൺഗ്രസ് ഹൈക്കമാൻഡിനെ ഇക്കാര്യം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവാദം കൊളുപ്പിക്കേണ്ടെന്നായിരുന്നു ജയന്ത് പാട്ടീൽ അടക്കമുള്ള എൻസിപി നേതാക്കളുടെ ആദ്യ നിലപാട്. പക്ഷെ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ നാനാ പഠോളെയെ വ്യക്തിപരമായി വിമർശിച്ചാണ്  മാധ്യമങ്ങളോട് സംസാരിച്ചത്. നാനാ പഠോളെ മുൻപ് ബിജെപിക്കാരനായിരുന്നത് അജിത് എടുത്ത് പറഞ്ഞു. പാർട്ടി മാറുന്നതും പുറകിൽ നിന്ന് കുത്തുന്നത് പോലെയാണോ എന്നായിരുന്നു പരിഹാസം. 

NCP joint hands with BJP in District Panchayat president election in Maharashtra

കോൺ​ഗ്രസ് നേതാവ് നാനാ പഠോളെ

 പ്രാദേശിക നേതൃത്വം മാത്രം അറിഞ്ഞൊരു നീക്കുപോക്കെന്നാണ് എൻസിപി നേതൃത്വം ഗോണ്ടിയ സംഭവത്തെ വിശദീകരിച്ചത്.  ബിജെപി വിമതരെ ഒപ്പം കൂട്ടി ഭണ്ഡാരയിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. പ്രാദേശിക നീക്കുപോക്കുകൾ ഇങ്ങനെയാണെന്ന് എൻസിപി വിശദീകരിക്കുന്നു. പക്ഷെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സഖ്യത്തിലായിരുന്നിട്ടും വലിയ നഷ്ടങ്ങളാണ് മഹാരാഷ്ട്രയിൽ സമീപകാലത്ത് ഉണ്ടായത്. മലേഗാവിൽ മുനിസിപ്പൽ കോർപ്പറേഷനിലെ ഏതാണ്ട് കോൺഗ്രസ് എംഎൽഎമാർ പൂർണമായി കൂറ്മാറി എൻസിപിയിലേക്ക് പോയത് ജനുവരിയിലാണ്. ഭീവണ്ടിയിൽ കോൺഗ്രസിന്‍റെ 18 കൗൺസിലർമാരാണ് എൻസിപിയിലേക്ക് പോയത്. തിരിച്ചടിയെന്നോണം പർഭാനിയിൽ എൻസിപിയിൽ നിന്ന് 20 കൗൺസിലർമാരെ ഈയടുത്ത് കോൺഗ്രസും പാളയത്തിലെത്തിച്ചിരുന്നു.

കൊവിഡ് കാലത്തടക്കം പ്രധാനതീരുമാനങ്ങളെടുക്കുന്നതിൽ പങ്കാളിയാക്കുന്നില്ലെന്ന് കോൺഗ്രസിന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു . ശരദ് പവാറും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ചേർന്ന് എല്ലാ തീരുമാനങ്ങളും എടുക്കുകയാണെന്നും ന്യായമായ പങ്കാളിത്തം ഭരണകാര്യങ്ങളിൽ ലഭിക്കുന്നില്ലെന്നും കോൺഗ്രസിന് പരിഭവമുണ്ട്. അതിനിടെയാണ് തദ്ദേശ സ്ഥാപനങ്ങളിൽ, പൊതുമിനിമം പരിപാടി മറന്ന് കൊണ്ടുള്ള സഖ്യകക്ഷികളുടെ നീക്കം. മുംബൈ കോർപ്പറേഷനിലടക്കം സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് വരാനിരിക്കെ സഖ്യത്തിനുള്ളിലെ പുകച്ചിൽ പതിയെ ആളിക്കത്തി തുടങ്ങുകയാണ്. സഖ്യം പിളർന്നാൽ സർക്കാർ വീഴും. 

Follow Us:
Download App:
  • android
  • ios