തിരുവനന്തപുരം: മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം എന്‍സിപി  നാളെ പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി  ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. ബിജെപിയെ മാറ്റി നിർത്തുകയാണ് പ്രധാനം. ശിവസേന സർക്കാരിൽ എൻസിപി ഭാഗമായാൽ എൽഡിഎഫിൽ സാഹചര്യം വിശദീകരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ശരദ് പവാര്‍ തന്നോട് അഭിപ്രായം ചോദിച്ചിരുന്നതായി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ ഇടതുമുന്നണിക്കൊപ്പമാണ് എന്‍സിപി. അതുകൊണ്ടു തന്നെ, മഹാരാഷ്ട്രയില്‍ ശിവസേനയെ പിന്തുണച്ചാല്‍ സാഹചര്യങ്ങള്‍ ഇടതുമുന്നണിയില്‍ ധരിപ്പിക്കും.  2004 ലും കേരളത്തിലെ സഖ്യത്തിന് വിരുദ്ധമായി ദേശീയ തലത്തിൽ എൻസിപി-യുപിഎ സർക്കാരിൽ ഭാഗമായിട്ടുണ്ടെന്നും പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു. 

എൻസിപി- ശിവസേന ചർച്ചയിൽ അസ്വാഭാവികത ഇല്ലെന്ന് മന്ത്രിയും എന്‍സിപി നേതാവുമായ എ കെ ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. . ദേശീയ തലത്തിൽ ബിജെപിയെ എതിർക്കുക എന്ന നയമാണ് എല്ലാ പാർട്ടികളും സ്വീകരിക്കുന്നത്.   അത് തന്നെയാണ് എൻസിപിയുടേയും നയം. ശരദ് പവാറിന്റെ തീരുമാനം എന്തുതന്നെയായാലും അതിനെ പാര്‍ട്ടി അംഗീകരിക്കും.  കൂടുതൽ പ്രതികരണം അന്തിമ തീരുമാനം വന്ന ശേഷം എന്നും എ കെ ശശീന്ദ്രൻ പറ‌ഞ്ഞു.