ദില്ലി: മഹാരാഷ്ട്രയില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുക്കവേ ബിജെപിക്കെതിരെ കേന്ദ്രസഹമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവുമായ രാംദാസ് അത്താവലെ. സീറ്റ് വിഭജനത്തില്‍ അതൃപ്തി പങ്കുവച്ചാണ് രാംദാസ് അത്താവലെ രംഗത്തെത്തിയത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന് അത്താവലെ പ്രതികരിച്ചു. ഉറപ്പു നല്‍കിയ സീറ്റ് പോലും ബിജെപി-സേനാ സഖ്യം റിപ്പബ്ലിക്ക് പാർട്ടിക്ക് നൽകിയില്ല. 

മുന്നണിയില്‍ തുല്യ പരിഗണന വേണം. വോട്ടെടുപ്പ് അടുത്തതിനാൽ ദേഷ്യം ഉള്ളിലൊതുക്കുകയാണ്. അധികാര സ്ഥാനത്ത് ഉണ്ടാവേണ്ടത് കൊണ്ടാണ് ബിജെ പിക്കൊപ്പം നിൽക്കുന്നത്. നിലനിൽപ്പ് കൂടി കണക്കിലെടുത്താണ് ബിജെപിയുമായി സഹകരിക്കുന്നതെന്നും അത്താവലെ പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ഒക്ടോബര്‍ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ആറു സീറ്റുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.