515 വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകർ വോട്ടെടുപ്പിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു
ദില്ലി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് പാർലമെൻറിൽ നടക്കും. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകറും പ്രതിപക്ഷ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയും തമ്മിലാണ് മത്സരം. 515 വോട്ടുകൾ കിട്ടാൻ സാധ്യതയുള്ള എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധാൻകർ വോട്ടെടുപ്പിന് മുൻപ് തന്നെ വിജയം ഉറപ്പിച്ചു കഴിഞ്ഞു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയാണ്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പ് പൂർത്തിയായ ഉടൻ തന്നെ വോട്ടെണ്ണലും നടക്കും. രാജ്യസഭയിലെയും ലോക്സഭയിലെയും എംപിമാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശം ഉള്ളത്. ഈ മാസം 11 നാണ് ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുക.
അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയ്ക്കുള്ള പരിചയ സമ്പത്തുമായാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുമായി എപ്പോഴും ഇടഞ്ഞു നിന്ന ജഗ്ദീപ് ധൻകർക്ക് രാജ്യസഭയിൽ പരസ്പരം പോരടിക്കുന്ന കക്ഷികൾക്കിടയിൽ സമവായം ഉറപ്പാക്കുക എന്ന വെല്ലുവിളിയാണ് ഇനി മുന്നിലുള്ളത്. പാര്‍ലമെൻ്റിൻ്റെ ഇരുസഭകളിലും ബിജെപിക്കും എൻഡിഎയ്ക്കും വ്യക്തമായ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ അദ്ദേഹം ഇതിനോടകം വിജയമുറപ്പിച്ച് കഴിഞ്ഞു. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ.
'ഇത് ഈഗോ പ്രകടിപ്പിക്കാനുള്ള സമയമല്ല'; മമതയോട് മാർഗരറ്റ് ആൽവ
ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയും തെരഞ്ഞെടുക്കപ്പെട്ടു. അഭിഭാഷക ജോലിയിൽ തുടരുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനം. തുടക്കം ജനതാദളിലായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്ന് 1993ൽ കിഷൻഗഡ് മണ്ഡലത്തിൽ നിന്നും രാജസ്ഥൻ നിയമസഭയിലെത്തി. 2019ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടലിൻറെ പേരിൽ ജഗ്ദീപ് ധൻകർ വാർത്തകളിൽ ഇടം നേടി.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; 99 ശതമാനം പോളിങ്ങ്, രണ്ട് ബിജെപി എംപിമാരടക്കം എട്ട് പേര്‍ വോട്ട് ചെയ്തില്ല
മുൻ കേന്ദ്ര മന്ത്രി കൂടിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥി മാർഗരറ്റ് ആൽവ. ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം എൻസിപി അധ്യക്ഷൻ ശരദ് പവാറായിരുന്നു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
മമതയുടെ തീരുമാനത്തിൽ നിരാശ, ഫോൺ ചോർത്തിയത് കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദ തന്ത്രം: മാർഗരറ്റ് ആൽവ
