മോദിയുടെ ചിത്രത്തിന് പുറം ചട്ടയിൽ പ്രാമുഖ്യം നൽകിക്കൊണ്ട് എൻഡിഎയുടെ പ്രകടന പത്രിക. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി നിതീഷ് കുമാർ, ചിരാഗ് പസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നീ നേതാക്കൾ ഒന്നിച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്.
ദില്ലി: നരേന്ദ്ര മോദിയുടെ ചിത്രത്തിന് പ്രാമുഖ്യം നൽകുന്ന കവറുമായി എൻഡിഎയുടെ പ്രകടന പത്രിക. കർഷകർക്കുള്ള ധനസഹായം 9000 രൂപയായി ഉയർത്തുമെന്നും സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ സംരംഭത്തിന് ധനസഹായം നൽകുമെന്നും എൻഡിഎ വാഗ്ദാനം ചെയ്യുന്നു. ഒരു കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക പറയുന്നു. ഇതിനിടെ ഇന്നലെ നടന്ന അക്രമത്തിൽ ജൻസുരാജ് പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാനുള്ള കർശന നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകി.
ഐക്യത്തിൻ്റെ സന്ദേശം നൽകിയാണ് എൻഡിഎ പ്രകടനപത്രിക പുറത്തിറക്കിയത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുഖ്യമന്ത്രി നിതീഷ് കുമാർ, ചിരാഗ് പസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നീ നേതാക്കൾ ഒന്നിച്ചാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാം കുടുംബത്തിലും ഒരു സർക്കാർ ജോലി എന്നതായിരുന്നു തേജസ്വി യാദവിൻ്റെ വാഗ്ദാനം. ഇത് നേരിടാൻ ഒരു കോടി തൊഴിലവസരം ഉണ്ടാക്കുമെന്ന് എൻഡിഎ പറയുന്നു. സർക്കാർ, സ്വകാര്യ മേഖലയിൽ സംയുക്തമായി അവസരം ഉണ്ടാക്കും എന്നാണ് വാഗ്ദാനം.
ഐടി പാർക്കുകളും വ്യവസായ പാർക്കുകളും തുടങ്ങും. എല്ലാ ജില്ലകളിലും യുവാക്കളുടെ പരിശീലനത്തിന് നൈപുണ്യ കേന്ദ്രങ്ങൾ തുടങ്ങും. സ്ത്രീകൾക്ക് സ്വയം തൊഴിലിന് 2 ലക്ഷം വരെ ധനസഹായം. പട്ടിക ജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2000 രൂപ ഉന്നത വിദ്യാഭ്യാസത്തിന് പ്രതിമാസം നൽകും. കർഷകർക്ക് കേന്ദ്രം നൽകുന്ന 6000 രൂപയ്ക്ക് പുറമെ 3000 രൂപ സംസ്ഥാന സർക്കാർ നൽകും. മത്സ്യകർഷകർക്കുള്ള സഹായം ഇരട്ടിയാക്കി 9000 രൂപയായി ഉയർത്തും. അതിപിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പത്തു ലക്ഷം വരെ സഹായവും എൻഡിഎ വാഗ്ദാനം ചെയ്യുന്നു. നിതീഷ് കുമാറാകുമോ മുഖ്യമന്ത്രി എന്ന പ്രഖ്യാപനം പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് എൻഡിഎ നേതാക്കൾ നൽകിയില്ല. മോദിയുടെ ചിത്രത്തിന് പുറം ചട്ടയിൽ പ്രാമുഖ്യം നൽകിക്കൊണ്ട് മോദിയാണ് പ്രചാരണം നയിക്കുന്നതെന്ന സന്ദേശം എൻഡിഎ നൽകുന്നു. പറ്റ്നയിലെ മൊകാമ മണ്ഡലത്തിൽ ഇന്നലെ ജെഡിയു ജൻസുരാജ് പാർട്ടികൾക്കിടയിലെ സംഘർഷത്തിൽ ജൻസുരാജിൻ്റെ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ട ശേഷം സംഘർഷാവസ്ഥ തുടരുകയാണ്. സംസ്ഥാനത്തുടനീളം കർശന നിരീക്ഷണത്തിനുള്ള നിർദേശമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്നത്.



