ഗോവ വിമാനത്താവളത്തിലെ ബാഗേജ് സ്കെയിലുകളുടെ ഭാര വ്യത്യാസത്തെ ചൊല്ലി യാത്രക്കാരനും ഇൻഡിഗോയും തമ്മിൽ തർക്കം. 

ഗോവ: ഗോവ വിമാനത്താവളത്തിലെ ബാഗേജ് വെയ്‌ങ് സ്കെയിലുകൾ തമ്മിൽ ഭാരത്തിൽ വലിയ വ്യത്യാസമുണ്ടെന്നും ഇത് കാരണം ഇൻഡിഗോ തന്റെ കയ്യിൽ നിന്ന് അമിതമായി പണം ഈടാക്കിയെന്നും ആരോപിച്ച് ചണ്ഡീഗഡ് സ്വദേശി. എന്നാൽ ആരോപണം ഇൻഡിഗോ നിഷേധിച്ചു. ഗോവയിൽ നിന്ന് ചണ്ഡീഗഡിലേക്ക് 6ഇ 724 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന രത്തൻ ധില്ലനാണ് വിമാനക്കമ്പനിക്കെതിരെ 'എക്സി'ൽ പോസ്റ്റിട്ടത്.

വിവിധ കൗണ്ടറുകളിലെ ബാഗേജ് സ്കെയിലുകളിൽ ഭാരത്തിൽ വ്യത്യാസം കാണിച്ചതിനെ തുടർന്ന് അധിക ലഗേജിന് 11,900 രൂപ നൽകേണ്ടി വന്നുവെന്ന് ധില്ലൺ പറയുന്നു. "ഇൻഡിഗോയുടെ ശ്രദ്ധിക്കപ്പെടാത്ത തട്ടിപ്പുകളിൽ ഒന്നാണ് അവരുടെ കൗണ്ടറുകളിലെ സ്ഥിരതയില്ലാത്ത വെയ്‌ങ് മെഷീനുകൾ" എന്നും ധില്ലൺ തൻ്റെ വൈറലായ പോസ്റ്റിൽ ആരോപിക്കുന്നു.

പോസ്റ്റിൽ പറയുന്നതനുസരിച്ച്, ധില്ലൻ്റെ ബാഗിന് ഒരു കൗണ്ടറിൽ 18 കിലോയും, മറ്റൊന്നിൽ 16 കിലോയും, മൂന്നാമത്തേതിൽ 15 കിലോയുമാണ് കാണിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ 15 കിലോ കാണിച്ച സ്കെയിലിൽ തെറ്റായിരിക്കുമെന്നും 18 കിലോയാണ് ശരിയായ ഭാരമെന്നുമാണ് ഇൻഡിഗോ ജീവനക്കാർ മറുപടി നൽകി. ധില്ലന്റെ ബാഗിന് ഹോട്ടലിൽ വെച്ച് അളന്നപ്പോൾ 15 കിലോ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവത്തെ 'പകൽക്കൊള്ള' എന്നാണ് ധില്ലൺ വിശേഷിപ്പിച്ചത്. തനിക്ക് ചുമത്തിയ നിരക്കുകൾ ധില്ലൺ വിശദീകരിച്ചു. അധിക ലഗേജിന് 11,900 രൂപയാണ് നൽകിയത്. അതിൽ 1,500 രൂപ കുട കൊണ്ടുപോയതിന് മാത്രമാണ് ഈടാക്കിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ധില്ലണിന്റെ ആരോപണങ്ങൾക്ക് ഇൻഡിഗോ എക്സിലൂടെ മറുപടി നൽകി. "നിങ്ങളുടെയും സഹയാത്രികരുടെയും മൊത്തം ബാഗേജ് ഭാരം മൂന്ന് യാത്രക്കാർക്കായി 52 കിലോയായിരുന്നു. ഇത് ഞങ്ങളുടെ വ്യവസ്ഥകൾ പ്രകാരം അനുവദനീയമായ പരിധിയിൽ നിന്ന് 7 കിലോ കൂടുതലാണ്. അതുകൊണ്ടാണ് അധിക ബാഗേജ് നിരക്കുകൾ ഈടാക്കിയത്," എന്നും ഇൻഡിഗോ പറഞ്ഞു.

തങ്ങളുടെ വെയ്‌ങ് സ്കെയിലുകൾ എയർപോർട്ട് അധികൃതർ കൃത്യമായി പരിശോധിച്ച് സർട്ടിഫൈ ചെയ്യുകയും ചെയ്യുന്നതാണെന്നും ഇൻഡിഗോ വ്യക്തമാക്കി. ആഭ്യന്തര പരിശോധന നടത്തിയപ്പോൾ ഉപകരണങ്ങളിൽ യാതൊരു പിഴവുകളും കണ്ടെത്തിയിട്ടില്ല. ധില്ലണുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും അവർ അറിയിച്ചു. ഗോവ വിമാനത്താവളവും ധില്ലണിന് മറുപടി നൽകിയിട്ടുണ്ട്.

"ചെക്ക്-ഇൻ കൗണ്ടറുകളിലെ വെയ്‌ങ് മെഷീനുകളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി, ഗോവ സർക്കാരിന്റെ ലീഗൽ മെട്രോളജി ഓഫീസ് വാർഷിക പരിശോധനകൾ നടത്താറുണ്ട്," യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം ലഭിക്കുന്നതിന് കൃത്യമായ പരിശോധനകൾ വർദ്ധിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു. അതേസമയം,ധില്ലണിൻ്റെ പോസ്റ്റിന് പിന്നാലെ നിരവധി ഉപയോക്താക്കൾ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. അതേസമയം, ഇൻഡിഗോയുടെ പ്രതികരണത്തോട് രത്തൻ ധില്ലൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.