മുംബൈ: രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടന്‍ നസറുദ്ദീന്‍ ഷാ. ആവശ്യമായതുതന്നെയാണ് പറഞ്ഞതെന്ന് നസറുദ്ദീന്‍ ഷാ പറഞ്ഞു. നസറുദ്ദീന്‍ ഷാ, അടൂര്‍ ഗോപാലകൃഷ്ണ ന്‍ ഉള്‍പ്പെടെ  49 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

ശനിയാഴ്ച ഇന്ത്യന്‍ ഫിലിം പ്രൊജക്ടിന്‍റെ 9ാം പതിപ്പില്‍ നടനും സംവിധായകനുമായ ആനന്ദ് തിവാരിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. '' എന്ത് പറയണമായിരുന്നോ അതുതന്നെയാണ് പറഞ്ഞത്. ഞാന്‍ അതില്‍തന്നെ ഉറച്ചുനില്‍ക്കുന്നു. കൂടുതലായി ഒന്നും ചെയ്യാത്ത നിരവധി പേരില്‍ നിന്ന് ഞാന്‍ മോശം പെരുമാറ്റം അനുഭവിച്ചു. ഇത് എന്നെ ഒരുതരത്തിലും ബാധിക്കില്ല. ഈ ആശയത്തോടി ഒന്നടങ്കമുള്ള വിദ്വേഷം എന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട്.  '' അദ്ദേഹം പറഞ്ഞു. 

എങ്ങനെയാണ് പ്രധാനമന്ത്രിക്കെഴുതുന്ന കത്ത് രാജ്യദ്രോഹമാകുന്നതെന്ന് ചോദിച്ചുകൊണ്ട് ഷായും ചരിത്രകാരി റോമിലാ ഥാപ്പറടക്കം 180 പേര്‍ വീണ്ടും മോദിക്ക് കത്തയച്ചിരിക്കുന്നത്. രാജ്യത്തെ സാമൂഹിക രാഷ്ട്രീയ കാര്യങ്ങലിലെ നിലപാട് സിനിമാ മേഖലയിലെം ബന്ധങ്ങളില്‍ ഉലച്ചില്‍ വീഴ്ത്തിയിട്ടില്ലേ എന്ന ചോദ്യത്തിന് തനിക്ക് സിനിമാ മേഖലയില്‍ അടുപ്പങ്ങളില്ലെന്നായിരുന്നു മറുപടി. 

സെപ്തംബര്‍ മൂന്നിനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രാജ്യത്തിന്‍റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.