അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യുമ്പോഴാണ് ഗുരുതര പിഴവ് ശ്രദ്ധയിൽ വരുന്നത്. പിന്നാലെ ഉദ്യോഗാർത്ഥി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ബന്ധപ്പെടുകയായിരുന്നു
നാഗ്പൂർ: വൻ വിവാദങ്ങൾക്ക് ശേഷം റദ്ദാക്കിയ നീറ്റ് പരീക്ഷ നാളെ നടത്താനിരിക്കെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വീണ്ടും പിഴവ്. പാസ്പോർട്ട് പോലുമില്ലാത്ത നാഗ്പൂർ സ്വദേശിയായ ഉദ്യോഗാർത്ഥിക്ക് നാളെ നടക്കുന്ന പരീക്ഷയ്ക്ക് കേന്ദ്രമായി അനുവദിച്ചത് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ അബുദാബിയെന്ന് പരാതി. നാഗ്പൂർ സ്വദേശിയായ അബ്ദുള്ള മുഹമ്മദ് ഥാലിബ് എന്ന വിദ്യാർത്ഥിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യുമ്പോഴാണ് ഗുരുതര പിഴവ് ശ്രദ്ധയിൽ വരുന്നത്. പിന്നാലെ ഉദ്യോഗാർത്ഥി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ബന്ധപ്പെടുകയായിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ സാങ്കേതിക പിഴവ് തിരുത്തി വിദ്യാർത്ഥിക്ക് നാഗ്പൂരിൽ തന്നെ പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് നീറ്റ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികൾക്ക് പുതിയ അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്തത്. മുൻപ് മെയ് 3-ന് നടന്ന പരീക്ഷയിൽ നാഗ്പൂരിലെ സരസ്വതി വിദ്യാലയത്തിലായിരുന്നു അബ്ദുള്ള പരീക്ഷ എഴുതിയിരുന്നത്. എന്നാൽ പുനപ്പരീക്ഷയ്ക്കായി പുതിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് പരീക്ഷാ കേന്ദ്രമായി അബുദാബിയിലെ 'അബുദാബി ഇന്ത്യൻ സ്കൂൾ' രേഖപ്പെടുത്തിയിരിക്കുന്നത് കണ്ട് വിദ്യാർത്ഥിയും കുടുംബവും ഞെട്ടിയത്.
അപേക്ഷാ ഫോം പൂരിപ്പിച്ച സമയത്ത് ആദ്യ മുൻഗണനയായി നാഗ്പൂരും, തൊട്ടടുത്ത ചോയ്സുകളായി വാർധ, ഭണ്ഡാര എന്നീ മഹാരാഷ്ട്രയിലെ സ്ഥലങ്ങളുമായിരുന്നു വിദ്യാർത്ഥി നൽകിയിരുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള യാതൊരു കേന്ദ്രവും തങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഉദ്യോഗാർത്ഥിയും കുടുംബവും വ്യക്തമാക്കുന്നത്. വിദേശത്ത് പോയി പരീക്ഷ എഴുതാനുള്ള സാമ്പത്തിക ചുറ്റുപാടുകൾ ഇല്ലെന്നും, കുട്ടിയുടെ പേരിൽ പാസ്‌പോർട്ട് പോലുമില്ലെന്നും യാത്രയ്ക്കുള്ള യാതൊരു തയ്യാറെടുപ്പുകൾക്കും സമയമില്ലെന്നും കാണിച്ച് വിദ്യാർത്ഥിയുടെ പിതാവ് മുഹമ്മദ് ഥാലിബ് എൻടിഎ ഹെൽപ്പ്‌ലൈനിൽ പരാതി നൽകുകയായിരുന്നു. ഈ അപ്രതീക്ഷിത സംഭവം കുട്ടിയെ മാനസികമായി തളർത്തിയതായും കുടുംബം പറഞ്ഞു.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ എൻടിഎ അധികൃതർ ഇതൊരു സാങ്കേതിക പിഴവാണെന്ന് സമ്മതിക്കുകയും അടിയന്തിരമായി പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് എൻടിഎ ഡയറക്ടർ ജനറൽ അഭിഷേക് സിംഗ്, പ്രശ്നം പൂർണ്ണമായി പരിഹരിച്ചതായും വിദ്യാർത്ഥിക്ക് നാഗ്പൂരിൽ തന്നെ പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ച് നൽകിയതായും ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, പരീക്ഷാ നടത്തിപ്പിലെ എൻടിഎയുടെ തുടർച്ചയായ വീഴ്ചകൾക്കെതിരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. എൻടിഎ വിദ്യാർത്ഥികളുടെ ഭാവി വെച്ച് ചൂതാട്ടം നടത്തുകയാണെന്നും, സ്വന്തം നഗരത്തിൽ ഒരു പരീക്ഷാ കേന്ദ്രം പോലും ഒരുക്കാൻ കഴിയാത്ത ഒരു സംവിധാനത്തിന് പരീക്ഷകൾ നടത്താൻ യാതൊരു അവകാശവുമില്ലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിഎക്സിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചത്. ജൂൺ 21-ന് ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് നീറ്റ് പുനപ്പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്.


