Asianet News MalayalamAsianet News Malayalam

തബ്രിസിന്‍റെ മരണത്തിന് പിന്നില്‍ പൊലീസിന്‍റെയും ഡോക്ടര്‍മാരുടെയും വീഴ്ചയെന്ന് കണ്ടെത്തല്‍

''മുസ്ലീമായതിന്‍റെ പേരില്‍ ഒരു ദയയുമില്ലാതെ ആളുകള്‍ തബ്രിസിനെ മര്‍ദ്ദിച്ചു. എനിക്ക് ആരുമില്ല. ബന്ധുക്കളില്ല. തബ്രിസ് മാത്രമായിരുന്നു ഏക ആശ്രയം. എനിക്ക് നീതി വേണം'' - തബ്രിസിന്‍റെ ഭാര്യ ഷഹിസ്ത പര്‍വീന്‍ പറഞ്ഞു. 
 

negligence of Police  and Doctors Killed Tabrez Ansari, Says Inquiry
Author
Jharkhand, First Published Jul 12, 2019, 3:03 PM IST

ദില്ലി: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ തബ്രിസ് അന്‍സാരിയുടെ മരണത്തിന് കാരണം പൊലീസിന്‍റെയും ഡോക്ടര്‍മാരുടെയും വീഴ്ചയെന്ന് കണ്ടെത്തല്‍. ജാര്‍ഖണ്ഡിലെ സെരൈകേല - ഖരസാവന്‍ ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലാണ് പൊലീസിനും ഡോക്ടര്‍ക്കുമെതിരെ റിപ്പോര്‍ട്ട്. 

തബ്രിസിനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്നതില്‍ പൊലീസ് അധികൃതര്‍  കാണിച്ച വീഴ്ചയ്ക്ക് പുറമെ തബ്രിസിനെ പരിശോധിച്ച ഡോക്ടര്‍ വിഷയം ഗൗരവമായി കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡെപ്യൂട്ടി കമ്മീഷണറാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സബ് ഡിവിഷണല്‍ ഓഫീസറും ജില്ലാ സിവില്‍ സര്‍ജനും ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്. ഗുരുതരപരിക്കേറ്റ അന്‍സാരിയെ കസ്റ്റഡിയിലെടുത്ത പൊലീസ്, ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലെത്തിച്ചില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും നേരത്തേ ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. 

ഗുരുതര പരിക്കുകളോടെ അറസ്റ്റ് ചെയ്ത തബ്രിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് പകരം മെഡിക്കല്‍ ചെക്കപ്പ് നടത്തുക മാത്രമാണ് പൊലീസ് ചെയ്തത്. പരിശോധിച്ച ഡോക്ടര്‍മാര്‍ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടില്ല. പകരം ലോകല്‍ ജയിലിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശിച്ചത്. നാല് ദിവസത്തിന് ശേഷമാണ് തബ്രിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ വച്ചാണ് തബ്രിസ് മരിച്ചത്. 

''മുസ്ലീമായതിന്‍റെ പേരില്‍ ഒരു ദയയുമില്ലാതെ ആളുകള്‍ തബ്രിസിനെ മര്‍ദ്ദിച്ചു. എനിക്ക് ആരുമില്ല. ബന്ധുക്കളില്ല. തബ്രിസ് മാത്രമായിരുന്നു ഏക ആശ്രയം. എനിക്ക് നീതി വേണം'' - തബ്രിസിന്‍റെ ഭാര്യ ഷഹിസ്ത പര്‍വീന്‍ പറഞ്ഞു. 

ക്രൂരമായ മര്‍ദനത്തിന് ശേഷം ആള്‍ക്കൂട്ടം ഖര്‍ദ്വാന്‍ പൊലീസിനാണ് തബ്രിസിനെ കൈമാറിയത്. അമ്മാവന്‍ മഖ്സൂദ് ആലം പൊലീസ് സ്റ്റേഷനിലെത്തുമ്പോല്‍ ഗുരുതര പരിക്കേറ്റ തബ്രിസ് ലോക്കപ്പിലായിരുന്നു. വായില്‍നിന്നും തലയില്‍നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. തബ്രിസിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട മഖ്സൂദിനെ പൊലീസ് ഭീഷണിപ്പെടുത്തി. തല്ലി എല്ലൊടിച്ച് ജയിലിലിടുമെന്നാണ് മഖ്സൂദിനോട് പൊലീസ് പറഞ്ഞത്. നിരവധി തവണ കേണപേക്ഷിച്ചിട്ടും, നടക്കാന്‍ പോലും കഴിയാത്ത തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കാതെ ജയിലിലേക്കയക്കുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ജൂണ്‍ 19ന് കസ്റ്റഡിയിലെടുത്ത തബ്രിസിനെ 22നാണ് സരായ്കേല ആശുപത്രിയിലെത്തിച്ചത്. തബ്രിസ് മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയെങ്കിലും നേരിയ ഹൃദയമിടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ടാറ്റ മെഡിക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും കൂട്ടായ്മയോടാണ് കുടുംബാംഗങ്ങള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

ഒന്നരമാസം മുമ്പാണ് 25കാരനായ തബ്രിസ് അന്‍സാരി വിവാഹിതനാകുന്നത്. വെല്‍ഡിംഗായിരുന്നു തബ്രിസിന്‍റെ ജോലി. വിവാഹ ശേഷം ഭാര്യയോടൊത്ത് പുണെയില്‍ സ്ഥിരതാമസമാക്കാനായിരുന്നു തബ്രിസിന്‍റെ പദ്ധതി. ബൈക്ക് മോഷണക്കേസില്‍ തബ്രിസിനെതിരെ ആരോപണമുയര്‍ന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അയല്‍വാസികള്‍ സംഘത്തോട് പറഞ്ഞു. ആള്‍ക്കൂട്ടം തബ്രിസിനെ ക്രൂരമായി മര്‍ദിച്ചെന്നും ജയ് ശ്രീറാം വിളിപ്പിച്ചെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

തബ്രിസിനെ കെട്ടിയിട്ട് മര്‍ദിച്ച ധക്ടിദിഹ് നേരത്തെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്ന സ്ഥലമാണ്. പ്രദേശത്തെ മുസ്ലിംകള്‍ പശുക്കളെ കടത്തുന്നുണ്ടെന്ന് വലതുപക്ഷ സംഘടനകള്‍ ആരോപിച്ചിരുന്നു. മര്‍ദനമേറ്റ തബ്രിസ് വെള്ളം ചോദിച്ചപ്പോള്‍ വിഷക്കായ കലക്കിയ വെള്ളം നല്‍കിയെന്നും ദൃക്സാക്ഷികള്‍ സംഘത്തെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios