ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അയൽവാസിയും ഗൈനക്കോളജിസ്റ്റുമായ ഡോ. ആരതി ശർമയാണ് സ്മിത് മച്ചാറിന്റെ കുടുംബം കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
മുംബൈ: ആശങ്കകൾക്കിടയിലും ഫ്ലൈദുബായ് വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ കുടുംബം പ്രകടിപ്പിച്ച ശാന്തതയും നിശ്ചയദാർഢ്യവും പ്രശംസനീയമെന്ന് അയൽവാസിയായ ഡോക്ടറുടെ കുറിപ്പ്. ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ അയൽവാസിയും ഗൈനക്കോളജിസ്റ്റുമായ ഡോ. ആരതി ശർമയാണ് സ്മിത് മച്ചാറിന്റെ കുടുംബം കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായത് സ്മിത് മച്ചാറാണെന്ന വിവരമറിഞ്ഞാണ് അയൽക്കാർ സ്മിത്തിന്റെ ഭാര്യയെയും കുടുംബത്തെയും ബന്ധപ്പെട്ടത്. വിവരമറിഞ്ഞയുടൻ അയൽക്കാർ സ്മിതിന്റെ ഭാര്യയെ സമീപിച്ച് അവർ ഓക്കെയാണോ എന്നും എന്തെങ്കിലും സഹായങ്ങൾ വേണോ എന്നും അന്വേഷിച്ചിരുന്നു. അത്രയേറെ ദുഷ്കരമായ, സങ്കടകരമായ സാഹചര്യത്തിലും വളരെ ശാന്തമായാണ് സ്മിത് മച്ചാറിന്റെ ഭാര്യ പ്രതികരിച്ചത്. എല്ലാവരുടെയും പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും അവർ നന്ദി അറിയിച്ചു. ഭർത്താവിന് കുഴപ്പമൊന്നും ഇല്ലെന്നും പറഞ്ഞു. ഒരാളുടെ ധീരതയെ നാം ആഘോഷിക്കുമ്പോൾ അവരുടെ പിന്നിൽ എല്ലായ്പ്പോഴും ഒരു കുടുംബം ഉണ്ടാകും. അദ്ദേഹത്തിനായി പ്രാർഥിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്ന കുടുംബം- ഡോ. ആരതി ശർമ സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഒമാൻ പൗരനായ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ സ്മിത് മച്ചാർ യുഎഇയിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്മിത് മച്ചാറുമായി വീഡിയോകോളിൽ സംസാരിച്ചിരുന്നു. യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്മിത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിക്കുകയും ചെയ്തു.


