പ്രതി പെട്രോൾ ഒഴിച്ച് കാർ കത്തിക്കുന്നതിന്റെയും വീഡിയോ മൊബൈലിൽ പകർത്തുന്നതിന്റെയും സിസിടിവി ദൃശ്യം പുറത്തുവന്നു. സംഭവത്തിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിഗമനം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അഹമ്മദാബാദ്: കാറിന്റെ അലാം ശബ്ദം കേട്ട് അസ്വസ്ഥനായ അയൽക്കാരൻ അഭിഭാഷകയുടെ കാറിന് തീയിട്ടു. മനുഷ്യരോ മൃഗങ്ങളോ തട്ടുമ്പോഴൊക്കെ ഈ കാറിലെ സെൻസർ ശബ്ദിക്കുമായിരുന്നു. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. മോർബി എ ഡിവിഷൻ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു.
പെട്രോൾ ഒഴിച്ച് തീയിട്ടു; ദൃശ്യം മൊബൈലിൽ പകർത്തി
അഭിഭാഷകയായ പുഷ്പ ഭട്ട് ആണ് പരാതി നൽകിയത്. ഒക്ടോബർ 28 ന് വൈകുന്നേരം 4:45 ഓടെ വീടിന് സമീപം നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിലേക്ക്, അയൽവാസിയായ ശിഖർ ഗോഹെൽ കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയെന്നാണ് പരാതി. തീയിട്ടതിന് ശേഷം കാർ കത്തിയമരുന്നത് പ്രതി തന്റെ മൊബൈൽ ഫോണിൽ പകർത്തി. സമീപത്തെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
ശിഖർ ഗോഹെൽ കൈയിൽ കുപ്പിയുമായി കാറിന് സമീപത്തേക്ക് വരുന്നതും കാറിന്റെ ബോണറ്റിലും മുൻഭാഗത്തും പെട്രോൾ ഒഴിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് തീപ്പെട്ടി കൊളുത്തി കാറിന് തീയിടുകയായിരുന്നു. കാറിൽ തീ പടർന്നു പിടിച്ചതോടെ പ്രതി അല്പം മാറിനിന്ന് മൊബൈൽ ഫോണിൽ വീഡിയോ പകർത്തി. ആ സമയത്ത് ആളുകൾ കടന്നുപോയിരുന്നെങ്കിലും അതൊന്നും വകവെക്കാതെ പ്രതി വീഡിയോ പകർത്തിക്കൊണ്ടിരുന്നു. നിമിഷങ്ങൾക്കകം കാർ പൂർണമായി തീപിടിച്ചു. ഇതിന് ശേഷം ശിഖർ മറ്റൊരു കാറിൽ കയറി സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.
മൂന്നര ലക്ഷം രൂപയുടെ നഷ്ടം
വനിതാ അഭിഭാഷകയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ശിഖർ ഗോഹെലിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. തീപിടിത്തത്തിൽ മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ സെൻസർ നിരന്തരം ശബ്ദിക്കുന്നത് കേട്ട് സഹിക്കാനാകാതെയാണ് കുപ്പിയിൽ പെട്രോൾ കൊണ്ടുവന്ന് തീയിട്ടതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഈ സംഭവത്തിന് തലേദിവസം മോർബിയിലെ രവാപ്പാർ റോഡിലുള്ള അനുപം സൊസൈറ്റിയിൽ രാത്രി നിർത്തിയിട്ടിരുന്ന ബ്രെസ്സ കാറിന് അപരിചിതരായ രണ്ട് പേർ തീയിട്ടിരുന്നു. ഈ കേസിൽ ഇതുവരെ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഈ രണ്ട് സംഭവങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.




