ദില്ലി: തുട‍ർച്ചയായ രണ്ടാം വട്ടവും ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിക്ക് നേപ്പാൾ പ്രധാനമന്ത്രി സമ്മാനിച്ചത് രുദ്രാക്ഷ മാല. നേപ്പാളിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാൻ കൂടിയാണ് കെപി ശ‍ർമ്മ ഒലി. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി നയതന്ത്ര ചർച്ചയും നടത്തി.

ദില്ലിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന നയതന്ത്ര ചർച്ചയ്ക്കിടയിലായിരുന്നു സഖാവ് പ്രധാനമന്ത്രിക്ക് സമ്മാനം നൽകിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെയാണ് അദ്ദേഹം ദില്ലിയിലെത്തിയത്.

ഹിമാലയത്തിൽ ധാരാളമായി കണ്ടുവരുന്ന രുദ്രാക്ഷ മരത്തിന്റെ കുരുവും രുദ്രാക്ഷം എന്നാണ് അറിയപ്പെടുന്നത്. രുദ്രാക്ഷ മാലയ്ക്ക് ദൈവീക ചൈതന്യമുണ്ടെന്ന് ഹൈന്ദവർ വിശ്വസിക്കുന്നുണ്ട്. 

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ തങ്ങളുടെ രാജ്യത്തേക്ക് ക്ഷണിക്കാനും കമ്യൂണിസ്റ്റ് പ്രധാനമന്ത്രി മറന്നില്ല. മോദിയുടെ രണ്ടാം സ്ഥാനാരോഹണത്തിന് ബിംസ്റ്റെക് രാഷ്ട്രങ്ങളിലെ തലവന്മാരെ മാത്രമായിരുന്നു ക്ഷണിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ,മ്യാന്മാർ,ശ്രീലങ്ക,തായ്‌ലന്റ്,നേപ്പാൾ ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതാണ് ഈ സമിതി. എന്നാൽ സാർക് രാഷ്ട്രങ്ങളിലെ തലവന്മാരെയായിരുന്നു വിളിക്കേണ്ടിയിരുന്നതെന്നും ബിംസ്റ്റെകിനെക്കാൾ പ്രാധാന്യം സാർകിനാണെന്നും കെപി ശർമ്മ ഒലി മാധ്യമങ്ങളോട് പറഞ്ഞു.