കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.  

ദില്ലി: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരായ ഡ്രജര്‍ അഴിമതിക്കേസ് അന്വേഷണത്തോട് നെതര്‍ലന്‍ഡ് സഹകരിക്കുമെന്ന് അറിയിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേസിലെ പ്രതിയായ ഐഎച്ച്‌സി ബീവര്‍ കമ്പനിയെക്കുറിച്ചാണ് നെതര്‍ലന്‍ഡിനോട് വിവരം തേടിയത്. കേസുമായി ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചതായും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

അന്വേഷണം ഒച്ചിയഴും വേഗത്തിലാണെന്ന് ഹര്‍ജിക്കാരനായ സത്യന്‍ നരവൂരിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. വിദേശ രാജ്യവും ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം കേസ് മെരിറ്റിന്‍റെ അടിസ്ഥാനത്തില്‍ പരിഗണിക്കാമെന്ന് കോടതി പ്രതികരിച്ചു.കേസ് അടുത്തമാസം വീണ്ടും കോടതി പരിഗണിക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്,സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രജർ ഇറക്കുമതി ചെയ്തതിലെ ക്രമക്കേട് സംബന്ധിച്ച പരാതിയിൽ 2019 ലാണു വിജിലൻസ് കേസെടുത്തത്. 2021 നവംബറി‍ൽ ഹൈക്കോടതി കേസ് റദ്ദാക്കി. 2023ലാണ് ഡ്രജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. ഇതോടെയാണ് കേസിൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് വഴിയൊരുങ്ങിയത്.

Read More : 'യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യൽമീഡിയ ഉള്ളടക്കം നിയന്ത്രിക്കാൻ നടപടി വേണം': കേന്ദ്രത്തോട് സുപ്രീം കോടതി