ചെന്നൈ: തമിഴ്നാട്ടില്‍ 203 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2526 ആയി. ചെന്നൈയിൽ ഇന്ന് മാത്രം 176 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ രോഗബാധിതര്‍ ആയിരം കടന്നു. വെല്ലൂരില്‍ എട്ട് ബാങ്ക് ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ തെരുവുകളിലേക്ക് കൊവിഡ് പടരുന്നതാണ് ആശങ്കയെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി പറഞ്ഞു.

രോഗലക്ഷണം ഇല്ലാത്തവരാണ് പുതിയ കൊവിഡ് ബാധിതരില്‍ ഏറെയും. ചെന്നൈയില്‍ മാത്രം നാല് ദിവസത്തിനിടെ അഞ്ഞൂറിലധികം പുതിയ രോഗികളാണ് ഉണ്ടായത്. പൊതുസമ്പര്‍ക്കം പുലര്‍ത്തിയവരാണ് പുതിയ രോഗികളില്‍ ഭൂരിഭാഗവും എന്നതും സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. വെല്ലൂരില്‍ അസിസ്റ്റന്‍റ് മാനേജര്‍ക്ക് ഉള്‍പ്പടെ എട്ട് ബാങ്ക് ജീവനകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീട്ടുകാരെ ഉള്‍പ്പടെ നിരീക്ഷണത്തിലാക്കി. കോയമ്പേട് മാര്‍ക്കറ്റില്‍ കൂടുതല്‍ കച്ചവടകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഇക്കാലയളവില്‍ ചന്തയില്‍ എത്തിയവരോട് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

അതേസമയം, ചെന്നൈയില്‍ നാല് തെരുവുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതാണ് ആശങ്ക. എന്നാൽ, അതിര്‍ത്തി ജില്ലകളില്‍ തുടര്‍ച്ചയായ നാലാം ദിവസവും പുതിയ രോഗബാധിതര്‍ ഇല്ലാത്തത് സംസ്ഥാനത്തിന് ആശ്വാസമായി.