സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ നിർദേശിച്ച പേരുകൾക്ക് രാഹുൽ ഗാന്ധി എതിർപ്പ് പ്രകടിപ്പിച്ചു. സമവായമില്ലാത്തതിനാൽ നിലവിലെ ഡയറക്ടറുടെ കാലാവധി നീട്ടിയേക്കും.

ദില്ലി: കേന്ദ്ര സർക്കാർ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ എതിർത്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമവായം ഇല്ലാത്ത സാഹചര്യത്തിൽ നിലവിലെ ഡയറക്ടറുടെ കാലാവധി നീട്ടി നൽകിയേക്കും. ഒരു കൊല്ലത്തേക്ക് കൂടിയാണ് നിലവിലെ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി നീട്ടി നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും പങ്കെടുത്ത യോഗത്തിൽ ഒറ്റ പേരിലേക്ക് എത്താനായില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ ഡയറക്ടർക്ക് കാലാവധി നീട്ടി നല്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്ന മൂന്നംഗ സെലക്ഷൻ പാനൽ ഏതാനും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ ചർച്ച ചെയ്തു. പക്ഷേ ആരുടെയും കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല, തുടർന്ന് സൂദിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാൻ അംഗങ്ങൾ സമ്മതിച്ചു. വൈകുന്നേരം 6:45 ന് ആരംഭിച്ച യോഗം 7:30 ന് അവസാനിച്ചു. വൈകാതെ ഗസറ്റ് നോട്ടിഫിക്കേഷനായി ഇക്കാര്യം അറിയിക്കും.

പ്രവീണ്‍ സൂദിന്‍റെ രണ്ട് വർഷത്തെ കാലാവധി മെയ് 25ന് തീരാനിരിക്കെയാണ് ഇന്ന് സെലക്ഷൻ പാനൽ യോഗം ചേർന്നത്. കർണാടക കേഡറിലെ 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സൂദ്. 2023 മെയ് 25 ന് സിബിഐ ഡയറക്ടറായി നിയമിതനാകുന്നതിന് മുമ്പ് സംസ്ഥാന പൊലീസ് ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചു. ബെല്ലാരിയിലും റായ്ച്ചൂരിലും പൊലീസ് സൂപ്രണ്ട്, ബെംഗളൂരു സിറ്റിയിൽ അഡീഷണൽ പൊലീസ് കമ്മീഷണർ (ട്രാഫിക്), മൈസൂരുവിലും ബെംഗളൂരുവിലും പൊലീസ് കമ്മീഷണർ, എഡിജിപി), പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തര സെക്രട്ടറി), ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ആഭ്യന്തര സുരക്ഷ); ഡിജിപി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്) എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം