സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും സൈനിക നടപടികൾ പ്രശ്നപരിഹാരമല്ലെന്നും അന്‍റോണിയോ ഗുട്ടറസ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളായ നിലയിൽ പോകുന്നത് വേദനയുണ്ടാക്കുന്നു. പ്രശ്നപരിഹാരത്തിന് സൈനിക നടപടികൾ അല്ല മാർഗമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ഗുട്ടറസ് പ്രതികരിച്ചു.
യുഎൻ രക്ഷാസമിതി യോഗം ഇന്ത്യ - പാക് വിഷയം ചർച്ച ചെയ്യാനിരിക്കൊണ് ഗുട്ടറസിന്‍റെ പ്രതികരണം. പഹൽഗാം ഭീകരാക്രണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ മേഖലയിൽ സമാധാനത്തിന് ഭീഷണി ഉയർത്തുന്നുവെന്ന് പാകിസ്ഥാൻ രക്ഷാസമിതിയോട് പരാതിപ്പെട്ടു.
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ ഉടലെടുത്ത സംഘര്‍ഷ സാധ്യതയിൽ യുഎൻ നേരത്തെ ആശങ്കയറിയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎൻ സെക്രട്ടറി ജനറൽ ചര്‍ച്ച നടത്തിയത്.നേരത്തെ തന്നെ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു.
ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎൻ ഒരുക്കമാണെന്നും സെക്രട്ടറി ജനറൽ അറിയിച്ചു. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും ഇന്ത്യ-പാക് അതിര്‍ത്തികളിൽ വര്‍ധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കണമെന്നുമാണ് യുഎൻ ആവശ്യപ്പെട്ടത്. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കാൻ തുടർനടപടികൾ ഇന്ത്യ സ്വീകരിക്കുന്നതിനിടെയാണ് യുഎൻ രക്ഷാ സമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരുന്നത്. കൂടുതൽ ഡാമുകളിൽ നിന്ന് ജലമൊഴുക്ക് തടയുന്നത് പരിശോധിക്കാൻ അൻപതിലധികം വിദഗ്ധരെ ഇന്ത്യ നിയോഗിച്ചു. ഇവരെ ഇന്ത്യ കശ്മീരിലേക്കയച്ചു.
ജലം തടഞ്ഞാൽ യുദ്ധം എന്ന് നേരത്തെ പറഞ്ഞ പാകിസ്ഥാൻ ഇപ്പോൾ സഹായത്തിനായി യുഎൻ രക്ഷാ സമിതിയേയും റഷ്യയേയും സമീപിക്കുകയാണ്. യുഎൻ രക്ഷാസമിതിയിൽ സ്ഥിരം അല്ലാത്ത പത്ത് അംഗ രാജ്യങ്ങളിൽ നിലവിൽ പാകിസ്ഥാനുമുണ്ട്. ഈ സാഹചര്യത്തിലാണ് യോഗം വിളിക്കണം എന്ന പാകിസ്ഥാൻറെ ആവശ്യം യുഎൻ അംഗീകരിച്ചത്.

