ലഖ്നൗ: കേന്ദ്ര ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോടുള്ള ആരാധനമൂത്ത് അദ്ദേഹത്തിന്റെ പേരിൽ‌ മാമ്പഴമിറക്കുകയാണ് ഉത്തർപ്രദേശിലെ മാമ്പഴ കർഷകൻ. 'മാംഗോ മാന്‍' എന്നറിയപ്പെടുന്ന പദ്മശ്രീ ജേതാവായ ​ഹാജി ഖലിമുള്ളയാണ് 'ഷാ' എന്ന പേരിൽ പുതിയ ഇനം മാമ്പഴങ്ങൾ വിപണിയിൽ ഇറക്കുന്നത്.

നല്ല ഭാരവും രുചിയുമുള്ള മാമ്പഴങ്ങളാണ് ഷാ വിഭാ​ഗത്തിൽപ്പെടുന്നവയെന്ന് ഹാജി ഖലിമുള്ള പറഞ്ഞു. ജനങ്ങളെ ഒരു കുടകീഴിൽ അണിനിരത്താനുള്ള അമിത് ഷായുടെ മികവാണ്, തന്നെ മാമ്പഴത്തിന് അദ്ദേ​ഹത്തിന്റെ പേരിടാൻ പ്രേരിപ്പിച്ചത്. ഷാ മാമ്പഴങ്ങൾ ഈ മാസം വിപണിയിലെത്തുമെന്നും ഹാജി കൂട്ടിച്ചേർത്തു.

2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ഹാജി മാമ്പഴം വിപണിയിൽ‌ ഇറക്കിയിരുന്നു. പഴവർ​ഗങ്ങളുടെ രാജാവായ മാമ്പഴത്തിന് മോദി എന്ന് പേരിട്ടത് അദ്ദേഹത്തിന് ഇഷ്ടമാകും എന്നായിരുന്നു അന്ന് ഹാജി പറഞ്ഞത്. ലഖ്നൗവിലെ മിലിഹാബാദിൽ ഏക്കറ് കണക്ക് പാടത്താണ് ഹാജിയുടെ മാമ്പഴ കൃഷി. മുന്നൂറോളം ഇനം മാമ്പഴങ്ങളാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.